d

തിരുവനന്തപുരം: സഹകരണ സംഘത്തിന്റെ പേരിൽ മൂന്ന് കോടി രൂപയോളം തട്ടിയെടുത്ത സ്ഥാപക പ്രസിഡന്റ് പിടിയിൽ. വള്ളക്കടവ് പുത്തൻപാലത്തിന് സമീപം അനുഗ്രഹയിൽ മുരളിയെയാണ് (61) ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തകരപ്പറമ്പ് കേന്ദ്രീകരിച്ച് ജില്ലാ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് സൊസൈറ്റി എന്ന സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. 2013 മുതൽ 2020 വരെയായിരുന്നു തട്ടിപ്പ്. കേസിലെ മൂന്നാം പ്രതിയാണ് മുരളി. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായ മുരളിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണസംഘം പറയുന്നത്.

ജനങ്ങളിൽ നിന്ന് വിവിധ നിക്ഷേപങ്ങൾ സ്വീകരിച്ച് ഇവ തരിച്ചു നൽകാതെ പറ്റിക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്തു. മൂന്ന് മാസം മുതൽ ആറ് മാസം വരെ ജോലി നൽകി പലരെയും പിരിച്ചുവിട്ടു. സഹകരണ സംഘം രജിസ്ട്രാർ തട്ടിപ്പുകൾ കണ്ടെത്തിയതോടെ അഡ്മിനിസട്രേറ്റർ ഭരണം ഏർപ്പെടുത്തി. ഈ കമ്മിറ്റിയുടെ കൺവീനറായ മുരളിയും സെക്രട്ടറിയും ചേർന്ന് അഞ്ച് മാസം കൊണ്ട് ഒന്നരക്കോടി ജില്ലാ സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ഈ പണം മുരളിയും ഒപ്പമുള്ളവരും ചേർന്ന് തട്ടിയെടുത്തു. സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.