
അദ്ധ്യാപക സംഘടനയുടെ സെമിനാറിൽ പങ്കെടുക്കാൻ പാലക്കാട്ട് എത്തിയതാണ് ശിവദാസൻ മാഷ്. റെയിൽവേ സ്റ്റേഷനിൽ സുഹൃത്തായ ബാലൻ കാത്തുനില്പുണ്ടായിരുന്നു. നിരനിരയായി കിടക്കുന്ന ഒാട്ടോറിക്ഷകൾ ട്രാഫിക് പൊലീസുമായി എന്തോ സംസാരിച്ചശേഷം ഒരു ഒാട്ടോ ബാലൻ വിളിച്ചു. നെറ്റിയിൽ കുറിയിട്ട ഒരു യുവാവാണ് ഡ്രൈവർ. ബാലനുമായി ചിരകാല ബന്ധമുള്ളതുപോലെ തോന്നി. പേര് സുധീഷ്. ഭാര്യ അംഗൻവാടി ടീച്ചർ. ഒരു മകളുണ്ട്. ആറാം ക്ളാസിൽ പഠിക്കുന്നു. ആവശ്യപ്പെടാതെതന്നെ ബാലൻ ഡ്രൈവറെ ശിവദാസന് പരിചയപ്പെടുത്തി. ഒ.വി. വിജയന്റെയും കഥാപാത്രങ്ങളുടെയും ഒരു കടുത്ത ആരാധകനാണ് സുധീഷ്. ഖസാക്കിന്റെ ഇതിഹാസം മനഃപാഠമാണത്രേ.
പാലക്കാട്ടെ ഒാട്ടോഡ്രൈവർമാർ പൊതുവേ നല്ലവരും മര്യാദക്കാരുമാണെന്ന ബാലന്റെ അഭിപ്രായത്തോട് സുധീഷ് പകുതിയേ യോജിച്ചുള്ളു. ലോകത്തെവിടെയും  ഇരുട്ടും വെളിച്ചവുമുള്ളതുപോലെ നല്ലവരും മോശക്കാരും എല്ലായിടത്തുമുണ്ട്. അതിന് ദേശഭേദമോ രാജ്യഭേദമോ ഒന്നുമില്ല. പിന്നെ ആഡംബരക്കടകളിലും മാളുകളിലും വിലപേശാൻ നമുക്ക് മടിയാണ്. മുറ്റത്ത് വരുന്ന മീൻകാരിയോടും ചെരിപ്പു നന്നാക്കുന്നവരോടും വില പേശി ഉടക്കുണ്ടാക്കും. ദേവാലയത്തിലെത്തിയാൽ എന്തൊരുദാരതയാണ്. അദ്ധ്വാനിക്കുന്നവരുടെ കൊടിയെ സല്യൂട്ട് ചെയ്യും. പക്ഷേ, ശാരീരികമായി അദ്ധ്വാനിക്കുന്നവരോട് പൊതുവേ ഒരു നിന്ദയാണ്. സുധീഷിന്റെ വാക്കുകൾ ചിന്തിപ്പിക്കുന്നതായിരുന്നു. കുറഞ്ഞത് നൂറ്റമ്പത് രൂപക്കെങ്കിലും ഒാടിക്കാണും. പക്ഷേ കൊടുത്ത രൂപയുടെ ബാക്കി ചില്ലറ സഹിതം സുധീഷ് ബാലനെ ഏല്പിച്ചപ്പോൾ ബഹുമാനം തോന്നി. ഒാട്ടോയിൽ നിന്നിറങ്ങി സെമിനാർ നടക്കുന്ന സ്ഥലത്തേക്ക് നടക്കുമ്പോൾ ബാലൻ മാഷ് പറഞ്ഞത് സുധീഷിനെപ്പറ്റിയാണ്. ശ്രദ്ധിച്ചോ സുധീഷ് രണ്ട് കാക്കി ഷർട്ടിട്ടുണ്ട്. ഒന്നിനുള്ളിൽ വൻകുടൽ വച്ചിട്ടുള്ള ബാഗാണ്. മാസംതോറും 62,000 രൂപയുടെ കുത്തിവയ്പ് വേണം. പിന്നെ നിത്യവും കഴിക്കാനുള്ള മരുന്നും. വലിയ അഭിമാനിയാണ്. വൻകുടൽ ബാഗുമായി വിശ്രമിക്കാനാണ് ഡോക്ടർമാരുടെ ഉപദേശം. വീട്ടിലിരുന്നാൽ കിടന്നുപോകും. അടച്ചും തുറന്നുമിരുന്നാലേ കതകും വിജാഗിരിയും പ്രവർത്തിക്കൂ എന്ന വാദക്കാരനാണ്. ഉറ്റ സുഹൃത്തുക്കളുടെ സഹായം മാത്രം സ്വീകരിക്കും. വീടുവയ്ക്കാനെടുത്ത ലോൺ കൃത്യമായി അടയ്ക്കാനാകാതെ ഭാര്യയുടെ പേരിലുള്ള പത്ത് സെന്റ് ജപ്തി ചെയ്തു. ബാലൻ കൂടി ശ്രമിച്ചിട്ടാണ് കാരുണ്യയിൽ നിന്ന് രണ്ടരലക്ഷം കിട്ടിയത്. ഒാട്ടം കഴിഞ്ഞുവന്നാൽ പിന്നെ പുസ്തക വായനയാണ്. വായിച്ച പുസ്തകങ്ങൾ മകളെക്കൊണ്ട് വായിപ്പിക്കും. അവൾ മിടുമിടുക്കി. സ്കൂളിലെ കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നുണ്ട്, അവളിലാണ് സുധീഷിന്റെ പ്രതീക്ഷ മുഴുവൻ. വയറിൽ ഇനി ഒരു ഒാപ്പറേഷൻ കൂടി വേണ്ടിവന്നേക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. എങ്കിൽ ശരീരത്തിന്പുറത്ത് ഒരു ബാഗ് കൂടി വേണ്ടിവരുമത്രേ. എല്ലാമറിഞ്ഞിട്ടും സുധീഷിന് ഒരു കുലുക്കവുമില്ല. നാട്ടുകാർ ഒന്നടങ്കം പ്രാർത്ഥിക്കുന്നുണ്ട്. ക്ഷേത്രത്തിലും പള്ളികളിലും. ബാലന്റെ വാക്കുകൾ കേട്ടപ്പോൾ സഞ്ചരിക്കുന്ന ഒരു മഹദ് ഗ്രന്ഥമാണ് സുധീഷെന്ന് തോന്നി. ഖസാക്കിന്റെ ഇതിഹാസത്തിനരികിൽ സുധീഷിന്റെ ജീവിതവും ശിവദാസൻ മാഷ് ചേർത്തുവച്ചു.
(ഫോൺ:9946108220)