 നിലപാട് കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി തത്കാലം ചർച്ച നടത്തേണ്ടെന്ന നിലപാടെടുത്ത് സംസ്ഥാന സർക്കാർ. തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്നത് ഒഴിച്ചുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരം നിറുത്താത്ത ലത്തീൻ അതിരൂപതയുടെ നിലപാടിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷമുണ്ടെന്നാണ് വിവരം. മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും അബ്‌‌ദുറഹ്മാനും കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഈ ചർച്ചയിലാണ് സർക്കാർ മുൻകൈയെടുത്ത് ഉപസമിതി യോഗം തത്കാലത്തേക്ക് ചേരേണ്ടെന്ന ധാരണയുണ്ടായത്. അവസാനം ചേർന്ന മന്ത്രിസഭാ ഉപസമിതിയിൽ ഒത്തുതീർപ്പിലെത്തിയ ശേഷം വീണ്ടും സമരം ശക്തമാക്കിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തീരുമാനങ്ങളറിയിക്കാൻ ആവശ്യപ്പെട്ട ദിവസം സമരസമിതി ചർച്ചയ്ക്കെത്താത്തതിലും മുഖ്യമന്ത്രിക്ക് നീരസമുണ്ട്. കോടതി നടപടികൾ അനുസരിച്ച് തുടർതീരുമാനങ്ങളെടുക്കാമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് നൽകിയ നിർദ്ദേശം.

സമരം ഒത്തുതീർപ്പാക്കാൻ പ്രത്യേക മന്ത്രിതല സംഘം നാലുവട്ടം ഔപചാരികമായും പലതവണ അനൗപചാരികമായും ചർച്ച നടത്തിയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഉറപ്പ് നൽകുക മാത്രമല്ല, അവ പാലിക്കാൻ നാല് സർക്കാർ ഉത്തരവുകൾ ഇറക്കുകയും ചെയ്‌തു. സമരസമിതിയിലെ ചില നേതാക്കൾ പ്രകോപനപരമായും അധിക്ഷേപകരമായും പ്രതികരണങ്ങൾ നടത്തിയിട്ടും എത്രയും വേഗം സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിയത്. സമരസമിതിയിലെ ചിലരുടെ പിടിവാശിയാണ് വിഷയം വഷളാക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സമരപ്പന്തൽ മാറ്റുമോ?

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുറമുഖ കവാടത്തിലെ സമരപ്പന്തൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാനുളള ആലോചന സമരസമിതിക്കുണ്ടെന്നാണ് വിവരം. ചൊവ്വാഴ്‌ച കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അന്നത്തെ സാഹചര്യം കൂടി നോക്കിയാകും തീരുമാനം. സമരം തുറമുഖ കവാടത്തിൽ തുടരുന്നതിനൊപ്പം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ചില സമരസമിതി നേതാക്കളുടെ ആവശ്യം.