തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ നിർണായക പ്രദേശമായി മാറുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കേരള മാരിടൈം ബോർഡ് മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഓർഗാനോ ഗ്രാം വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖ വികസനത്തെ ആസൂത്രിതവും കൃത്യവുമായി ഉപയോഗപ്പെടുത്തുന്നതിനായി കേരളത്തിലെ മറ്റു ചെറുകിട തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. മികച്ച പ്രൊഫഷണലിസം നടപ്പിലാക്കിയാൽ മാത്രമേ ഇത് സാദ്ധ്യമാകൂ. വിഴിഞ്ഞം,ബേപ്പൂർ,അഴീക്കൽ,കൊല്ലം,പൊന്നാനി എന്നീ ഇന്റർ മീഡിയേറ്റ് തുറമുഖങ്ങളുടെ നവീകരണത്തിന് സർക്കാർ അതീവ പ്രാധാന്യമാണ് കല്പിക്കുന്നത്. ആഭ്യന്തര ജലപാത കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ചെലവ് കുറഞ്ഞ ചരക്കുഗതാഗതം സാദ്ധ്യമാക്കുകയും റോഡിലെ ട്രാഫിക് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.
കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മാരിടൈം ബോർഡ് മെമ്പർ ഖാസിം ഇരിക്കൂർ, വി.സി. മധു, കെ.ബിജു, സലിംകുമാർ,സർവീസ് സംഘടനകളുടെ പ്രതിനിധികൾ, ഹൈഡ്രോഗ്രാഫിക് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.