തിരുവനന്തപുരം: 2000 ഒക്ടോബർ 20നാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതിയായിരുന്ന മണിച്ചൻ ചിറയിൻകീഴ് പുളിമൂട്ടിലെ ഉഷസ് എന്ന വീട്ടിൽ അവസാനം അന്തിയുറങ്ങിയത്. തൊട്ടടുത്ത ദിവസമുണ്ടായ മദ്യദുരന്തത്തിന് പിന്നാലെ മണിച്ചൻ ഒളിവിൽ പോയി. 22 വർഷങ്ങൾക്കിപ്പുറം മറ്രൊരു ഒക്ടോബർ 21ന് മണിച്ചൻ ജയിൽ മോചിതനായി. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയാണ് മണിച്ചൻ ചിറയിൻകീഴിലെ വീട്ടിലെത്തിയത്.
കാർ ഭാര്യ ഉഷയുടെ സഹോദരി അമ്പിളിയുടെ വീട്ടുമുറ്റത്ത് നിന്നപ്പോൾ അടുത്ത ബന്ധുക്കൾ മണിച്ചനെ സ്വീകരിച്ചു. അതിനിടെ ചാനൽ കാമറാമാന്മാർ വളഞ്ഞെങ്കിലും ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറി. ഉഷയും മൂത്ത മകൾ സജിയും മൂന്നാമത്തെ മകൾ റാണിയും മണിച്ചനെ കെട്ടിപ്പിടിച്ചു. കസേരയിലേക്ക് ചാരിയിരുന്നപ്പോൾ ഇടത്തും വലത്തുമായി റാണിയും സജിയും നിന്നു. കാമറയുടെ ഫ്ളാഷുകൾ തുരുതുരെ മിന്നി, തനിക്കൊന്നും പറയാനില്ലെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ബന്ധുക്കൾ ഇതിനിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
മാദ്ധ്യമപ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് മണിച്ചൻ പ്രതികരണത്തിന് തയ്യാറായി. വൻ വെളിപ്പെടുത്തൽ പ്രതീക്ഷിച്ച് ചാനൽ കാമറകളും മൈക്കുകളും നിരന്നു. ' എനിക്കൊന്നും പറയാനില്ല. ഒരു അനുഭവവും ഇല്ല. ഇവിടെയല്ല, എവിടെ വന്നാലും എനിക്ക് ഒന്നും പറയാനില്ലെന്ന് ആവർത്തിച്ച മണിച്ചൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
ജയിലിൽ നിന്നിറങ്ങിയതിന്റെ സന്തോഷത്തിൽ ഭാര്യയും ബന്ധുക്കളും ലഡ്ഡുവും പായസവും വിതരണം ചെയ്‌തു. ഇതിനിടെ മക്കളുമൊത്ത് സ്വകാര്യ സംഭാഷണം. മകൻ പ്രവീൺ പുറത്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഇതിലും വലിയ സന്തോഷം തങ്ങൾക്ക് ഉണ്ടാകാനില്ലെന്നും ദൈവത്തിനും കോടതിക്കും വക്കീലിനും നന്ദിയെന്നും ഉഷ പ്രതികരിച്ചു. വൈകിട്ട് കുടുംബാംഗങ്ങൾ ചേർന്ന് മണിച്ചന്റെ തിരിച്ചുവരവ് ആഘോഷമാക്കി. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ചിറയിൻകീഴ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, എസ്.എൻ ട്രസ്റ്റ് മെമ്പർ ബിജു തോന്നയ്‌ക്കൽ, പുതുക്കരി ശാഖാ സെക്രട്ടറി സുരേഷ് തിട്ടയിൽ എന്നിവരും വീട്ടിലെത്തി.