ആറ്റിങ്ങൽ: കേരള കൗമുദി വാർത്ത ഫലംകണ്ടു. ദേശീയപാതയിൽ ആലംകോട് ജംഗ്ഷന് സമീപം അശാസ്ത്രീയമായും അപകടകരമായും സ്ഥാപിച്ചിരുന്ന ട്രാഫിക് ഡിവൈഡർ ദേശീയപാത അധികൃതർ പൊളിച്ചുമാറ്റി.
ഡിവൈഡർ അപകടം ക്ഷണിച്ചു വരുത്തുന്നു എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഡിവൈഡർ അപകടക്കെണിയാണെന്ന് കാട്ടി കോൺഗ്രസ് ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡിവൈഡർ സ്ഥാപിച്ച് ഒരാഴ്ചയ്ക്കകത്ത് അഞ്ച് വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. പ്രശ്നം മനസിലാക്കിയ അടൂർപ്രകാശ് എം.പി എൻ.എച്ച് വിഭാഗവുമായി ബന്ധപ്പെട്ട് പ്രശ്നത്തിന്റെ തീവ്രത ധരിപ്പിച്ചതിന് പിന്നാലെയാണ് ഡിവൈഡർ എടുത്തു മാറ്റി റോഡ് പഴയ രീതിയിലാക്കിയത്.