
വെഞ്ഞാറമൂട്: നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹോണ്ടസിറ്റി കാറിൽ സ്കൂൾ പരിസരങ്ങളിലെ കടകളിലും കുട്ടികൾക്കും വില്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. 160 കൂൾ പായ്ക്കറ്റുകളും 54 ശംഭു പായ്ക്കറ്റുകളും കടത്തിക്കൊണ്ടുവന്നതിന് വെഞ്ഞാറമൂട് പിച്ചിമംഗലം എസ്.എസ് മൻസിലിൽ ഷംനാദിനെ (34) അറസ്റ്റുചെയ്തു.വിവിധ സ്ഥലങ്ങളിൽ ഇത്തരം നിരോധിത പുകയില ഉല്പന്നങ്ങൾ വിറ്റ വകയിൽ ഇയാൾക്ക് ലഭിച്ച 13,440 രൂപയും പിടിച്ചെടുത്തു. തുകയും തൊണ്ടി വകകളും, വാഹനവും വെഞ്ഞാറമൂട് പൊലീസിന് കൈമാറി. മുൻപും ഇയാൾ ഇത്തരത്തിൽ വൻതോതിൽ നിരോധിത പുകയില ഉല്പന്നങ്ങൾ കടത്തിയതിന് പിടിയിലായിട്ടുണ്ട്.