
തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റംഗങ്ങളെ പുറത്താക്കിയതിന് പിന്നാലെ, തന്നെ ആക്ഷേപിച്ചാൽ മന്ത്രിമാരെയും പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രീയ പോരാട്ടം ശക്തിപ്പെടുത്താൻ ഇടതുമുന്നണി..
ബി.ജെ.പി- ആർ.എസ്.എസ് അജൻഡ നടപ്പാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന ആരോപണം മുൻനിറുത്തിയുള്ള പ്രചാരണ പരിപാടികൾക്കാണ് നീക്കം. ഇതിന്റെ ഭാഗമായി ഇടതുമുന്നണി യോഗം വൈകാതെ വിളിച്ചു ചേർക്കാൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഗവർണറുടെ നീക്കം പൂർണമായും കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ചാണെന്നാണ് സി.പി.എം വിലയിരുത്തൽ. സർവകലാശാലകളെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ ശ്രമം. കേരളത്തിലെ കേന്ദ്രസർവകലാശാലയെ അടക്കം കാവിവത്കരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പി സർക്കാരിനെയും, കേരളത്തിൽ അതിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന ഗവർണറെയും തുറന്നു കാട്ടും.
ഇതിന് പാർട്ടിയെന്ന നിലയിൽ മാത്രമാകാതെ, ഇടതുമുന്നണി കൂട്ടായ പ്രചാരണം നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണ പരിപാടിയെന്ന നിലയ്ക്കും ഇതിനെ ഉപയോഗപ്പെടുത്തും. കൺവീനർ ഇ.പി. ജയരാജൻ അസൗകര്യം കാരണം ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിനാൽ, ഇടതുമുന്നണി യോഗ തീയതി തീരുമാനിച്ചില്ല.
പി.എസ്.സിക്ക് പുതിയ
ചെയർമാൻ
ഈ മാസം 31ന് കാലാവധി കഴിയുന്ന പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിന് പകരം പുതിയ ചെയർമാനെ നിശ്ചയിക്കുന്നതിൽ സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രാരംഭ ചർച്ച നടന്നു. അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമായേക്കും.