ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് അകത്ത് സ്കൂൾ,കോളേജ് വിദ്യാർത്ഥികളും,ഐ.ടി.ഐ വിദ്യാർത്ഥികളും പടക്കം പൊട്ടിക്കുന്നത് യാത്രക്കാരെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. ഡിപ്പോയ്ക്ക് സമീപമുള്ള സ്വകാര്യവ്യക്തികളുടെ വീടുകളിലേക്ക് പോകുന്നതിനുള്ള വഴിയിലാണ് കുപ്പിക്കുള്ളിൽ പടക്കുകൾ വച്ച് അതിശക്തമായ ഉച്ചത്തിൽ പടക്കം പൊട്ടിക്കുന്നത്.ഡിപ്പോ അധികൃതരും മറ്റ് യാത്രക്കാരും വിദ്യാർത്ഥികളോട് നിരവധി തവണ പറഞ്ഞിട്ടും അവർ കൂട്ടാക്കുന്നില്ല.ഒടുവിൽ ആര്യനാട് പൊലീസ് എത്തി വിദ്യാർത്ഥികളെ വിരട്ടി ഓടിക്കുകയും ചെയ്തു.
ഡിപ്പോയ്ക്കുള്ളിൽ ബസുകൾ പാർക്ക് ചെയ്യുമ്പോഴാണ് വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള ഉല്ലാസം. കൂടുതൽ കപ്പാസിറ്റിയുള്ള പടക്കങ്ങൾ കുപ്പിക്കുള്ളിൽ വച്ച് പൊട്ടിച്ചാൽ കുപ്പി പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകുമെന്ന് ഡിപ്പോ അധികൃതർ പറയുന്നു. പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന തീപ്പൊരി ബസിൽ വീണാലും വൻ ദുരന്തമാണ് ഉണ്ടാവുക.