
തിരുവനന്തപുരം: കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഗുജറാത്തിലെ രാജ്‌കോട്ടിൽ സംഘടിപ്പിച്ച ഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലേവിന്റെ പ്രദർശന വിഭാഗത്തിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള അവാർഡ് കുടുംബശ്രീക്ക് ലഭിച്ചു.152 സ്റ്റാളുകളിൽ നിന്നാണ് കുടുംബശ്രീ ഒന്നാമതെത്തിയത്. പി.എം.എ.വൈ പദ്ധതിയും വിവിധ വകുപ്പുകളുമായും പദ്ധതികളുമായുള്ള സംയോജന മാതൃക,മികച്ച സാമൂഹ്യാധിഷ്ഠിത പദ്ധതി നിർവഹണം,കുടുംബശ്രീ വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ മുഖേനയുള്ള ഭവന നിർമാണം എന്നീ ആശയങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പ്രദർശന സ്റ്റാൾ സജ്ജീകരിച്ചത്.
കേന്ദ്രമന്ത്രി കൗശൽ കിഷോറിൽ നിന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, പ്രോഗ്രാം ഓഫീസർ ജഹാംഗീർ എസ്. എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി കുൽദീപ് നാരായണൻ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ റോഷ്നി പിള്ള, ഭാവന.എം. തുടങ്ങിയവർ പങ്കെടുത്തു.