
കാട്ടാക്കട: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ ഏഴാം പ്രതിയായിരുന്ന മണിച്ചൻ എന്ന ചന്ദ്രൻ ജയിൽ മോചിതനായി. 31 പേരുടെ മരണത്തിനിടയാക്കിയ 2000ലെ മദ്യദുരന്തത്തിന്റെ 22ാം വാർഷികത്തിലാണ് മോചനം. ഇന്നലെ രാവിലെ 11.15ന് നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ നിന്ന് പുറത്തിറങ്ങിയ മണിച്ചനെ അനുജൻ കൊച്ചനി, മകൻ പ്രവീൺ, എസ്.എൻ.ഡി.പി.യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എന്നിവർ സ്വീകരിച്ചു. ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭാവിള, യോഗം ഡയറക്ടർ അഴൂർ ബിജു,എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ,യൂണിയൻ കൗൺസിലർമാരായ ചിത്രാംഗദൻ,ഡോ.ജയലാൽ തുടങ്ങിയവർ മഞ്ഞഷാൾ അണിയിച്ചു. മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ മണിച്ചൻ കാറിൽ ചിറയിൻകീഴിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി. മണിച്ചന്റെ വീട് സർക്കാർ ഏറ്റെടുത്തിരുന്നു.
മണിച്ചൻ 22 വർഷമായി ജയിലിലായിരുന്നു. ജീവപര്യന്തത്തിനു പുറമേ 43 വർഷം തടവും കോടതി വിധിച്ചിരുന്നു.ഇതിൽ ഇളവു നൽകി മോചനത്തിനു ഗവർണർ ഉത്തരവിട്ടെങ്കിലും പിഴത്തുകയായ 30.40 ലക്ഷം ഇളവു ചെയ്തിരുന്നില്ല. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. വിധി വന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മോചനം.