
തിരുവനന്തപുരം: വെള്ളക്കര കുടിശിക പിരിച്ചെടുക്കേണ്ടത് വാട്ടർ അതോറിട്ടിയുടെ നിലനില്പിന്റെ പ്രശ്നമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുടിശിക വരുത്തിയ കണക്ഷൻ വിച്ഛേദിക്കാൻ പോയപ്പോൾ മർദ്ദനമേറ്റ ജലഅതോറിട്ടി ജീവനക്കാരൻ വിവേക്ചന്ദ്രനെ വട്ടിയൂർക്കാവിലെ വീട്ടിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ നിർദ്ദേശപ്രകാരം ജോലി ചെയ്യുന്ന ജീവനക്കാരെ തടയുന്നതും നിയമം കൈയിലെടുക്കുന്നതും തെറ്റാണ്. ഇത് ഗൗരവമായാണ് കാണുന്നത്. കുടിവെള്ള നിരക്ക് വർദ്ധിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു കിലോലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നതിന് 21 രൂപ ചെലവാകുന്നുണ്ട്. എന്നാൽ, 10 രൂപ മാത്രമാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ബിൽ അടയ്ക്കാൻ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കൾ കാര്യകാരണ സഹിതം അപേക്ഷിച്ചാൽ ഇളവും സാവകാശവും നൽകുമെന്നും മന്ത്രി പറഞ്ഞു. വാട്ടർ അതോറിട്ടി ദക്ഷിണ മേഖലാ ചീഫ് എൻജിനിയർ പ്രകാശ് ഇടിക്കുള, തിരുവനന്തപുരം സൂപ്രണ്ടിംഗ് എൻജിനിയർ ശിവശങ്കരൻ, സൗത്ത് ഡിവിഷൻ എക്സി.എൻജിനിയർ ജയരാജ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.