വിഴിഞ്ഞം: സിനിമയിൽ അഭിനയിക്കാമെന്ന മോഹവുമായെത്തിയ യുവാവിനെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന് പരാതി. വെങ്ങാനൂർ സ്വദേശിയാണ് കവടിയാർ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്‌ക്കും ഒ.ടി.ടി പ്ലാറ്റ് ഫോമിനെതിരെയും പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് സംവിധായകയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. ഇവർക്കെതിരെ എട്ടോളം കേസുകളുണ്ടെന്ന് അറിയാൻ കഴിഞ്ഞതായി യുവാവ് പറഞ്ഞു. സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിപ്പിച്ച ശേഷം അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പരാതിക്ക് പിന്നാലെ വെബ് സീരീസ് ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് കാണിച്ച് ടീസറും ഇറങ്ങി.
റിലീസ് തടയണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും യുവാവ് പറഞ്ഞു. വർഷങ്ങളായി സിനിമാ - സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് യുവാവ്. മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നൽകിയ പരാതി വിഴിഞ്ഞം പൊലീസിന് കൈമാറുകയായിരുന്നു. ഒരു സീരീസിൽ അഭിനയിപ്പിക്കാനെന്നുപറഞ്ഞ് സുഹൃത്താണ് യുവാവിനെ ബന്ധപ്പെട്ടത്. തുടർന്ന് അരുവിക്കരയിലെ വില്ലയിലെത്തിച്ച് ചിത്രീകരണം നടത്തുകയായിരുന്നു. ആദ്യ കുറച്ചുഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെക്കൊണ്ട് ഒരു കരാറിൽ ഒപ്പുവയ്പ്പിച്ചശേഷമാണ് അശ്ലീല ചിത്രമാണെന്ന് പറയുന്നത്. അഭിനയിക്കാൻ യുവാവ് ആദ്യം വിസമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു.
ഷൂട്ടിംഗ് മുടങ്ങിയാൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. ഒരു ദിവസം 10,000 രൂപ പ്രതിഫലത്തിൽ രണ്ടുദിവസത്തെ ഷൂട്ടിംഗ് നടന്നശേഷം പ്രതിഫലമായി 20,000 രൂപ ഓൺലൈൻ പേമെന്റ് വഴി നൽകിയെന്നും യുവാവ് പറഞ്ഞു. കരാർ തിരികെ ആവശ്യപ്പെട്ട് ബന്ധപ്പെട്ടെങ്കിലും തിരികെ നൽകിയിട്ടില്ല. കൊച്ചിയിൽ സുഹൃത്തിനൊപ്പം കഴിയുന്ന തനിക്ക് ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് യുവാവ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു ചാനൽ ഓഫീസിൽ വിളിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ കടവന്ത്ര പൊലീസെത്തി അനുനയിപ്പിക്കുകയായിരുന്നു.