suprem-court

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ.എം.എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ, പുതിയ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഗവർണർ ഉടൻ രൂപീകരിക്കും. സർവകലാശാലയിലെ മുതിർന്ന പ്രൊഫസർക്ക് വി.സിയുടെ ചുമതല കൈമാറും. നിയമനത്തിനുള്ള വിജ്ഞാപനം ഗവർണറുടെ സെക്രട്ടറിയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ പുറത്തിറക്കും. യു.ജി.സി, ചാൻസലർ, സെനറ്റ് പ്രതിനിധികളടങ്ങിയതാവും സെർച്ച് കമ്മിറ്റി. വി.സി പുറത്താകുന്നതോടെ കോ-ടെർമിനസ് വ്യവസ്ഥയിൽ പി.വി.സിയും പുറത്താവും.

ഇന്നലെ ഡോ.രാജശ്രീ സർവകലാശാലയിൽ എത്തിയിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് രജിസ്ട്രാർക്ക് ലഭിച്ചശേഷം തുടർനടപടികളുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിലുള്ള ഗവർണർ ഇന്ന് വൈകിട്ട് മടങ്ങിയെത്തിയ ശേഷം വി.സിയുടെ ചുമതല കൈമാറുന്നതടക്കം തുടർനടപടികളെടുക്കും. അടുത്ത ഫെബ്രുവരി 20വരെയാണ് വി.സിക്ക് കാലാവധിയുണ്ടായിരുന്നത്.