crime

നെടുമങ്ങാട്: സംശയ രോഗത്തെ തുടർന്ന് രണ്ടാം ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആനാട് പാണ്ഡവപുരം സ്വദേശി അജിതയെയാണ് (40) രണ്ടാം ഭർത്താവ് ഉണ്ണികൃഷ്ണൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആദ്യ വിവാഹത്തിൽ അജിതയ്ക്ക്, ബംഗളൂരിൽ നഴ്സിംഗ് പഠിക്കുന്ന ഒരു മകളുണ്ട്. ഈ കുട്ടിയെ വീട്ടിൽ വിളിച്ചു കൊണ്ടുവരുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായി. രാത്രി വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഉണ്ണികൃഷ്ണൻ ഇന്നലെ പുലർച്ചെ വീട്ടിലെത്തി വാതിൽ ചവിട്ടിത്തുറന്ന് വെട്ടുകത്തി ഉപയോഗിച്ച് അജിതയെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ അജിതയുടെ തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു.

മകളെ രക്ഷിക്കാൻ ശ്രമിച്ച അജിതയുടെ അമ്മ ശ്യാമളയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ ഉണ്ണികൃഷ്ണനു വേണ്ടി നെടുമങ്ങാട് പൊലീസ് തെരച്ചിൽ ആരംഭിച്ചു. അജിതയും ഉണ്ണികൃഷ്ണനും വിവാഹം കഴിച്ചിട്ട് രണ്ട് വ‌ർഷമായി.സംശയരോഗത്തെ തുടർന്ന് ഇരുവരും പലതവണ വാക്കുതർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.അമ്പലമുക്കിൽ ഒരു വീട്ടിൽ ജോലി ചെയ്യുകയാണ് അജിത. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.