തിരുവനന്തപുരം: ജാതി സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കി, സ്വയം സംരംഭം ആരംഭിക്കുന്നതിന് വ്യവസായ വകുപ്പ് നൽകുന്ന ആനുകൂല്യം തട്ടിയെടുത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ കൗൺസിലിൽ അറിയിച്ചു. സംഭവത്തിൽ മ്യൂസിയം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
തട്ടിപ്പിൽ മൂന്ന് പേരെ ഇതുവരെ അറസ്റ്റു ചെയ്തു. കൂടുതൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തതെന്ന് മേയർ അറിയിച്ചു.പട്ടികജാതി ഫണ്ട് തട്ടിപ്പ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക കൗൺസിൽ യോഗം കൂടിയത്. സംഭവത്തിൽ മുഖ്യമന്ത്രിയെയും തദ്ദേശമന്ത്രിയെയും നേരിട്ട് കണ്ട് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നുവെന്ന് മേയർ പറഞ്ഞു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൻമാർക്ക് പട്ടികജാതി ഫണ്ട് തട്ടിപ്പിൽ പങ്കുണ്ടെന്നും അവരുടെയും മാതാപിതാക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ബി.ജെ.പി അംഗം എം.ആർ.ഗോപൻ ആവശ്യപ്പെട്ടു. സംഭവത്തിൽ തെളിവുണ്ടെങ്കിൽ ബി.ജി.പിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാമെന്ന് സ്റ്രാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്.സലീം പറഞ്ഞു.എസ്.സി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വീടുകളുടെ ഗുണഭോക്താക്കളെയും പദ്ധതിയെക്കുറിച്ച് അന്വേഷണം വേണമെന്നും യു.ഡി.എഫ്. അംഗം ജോൺസൺ ജോസഫ് പറഞ്ഞു. തിരുമല അനിൽ,ഡി.ആർ.അനിൽ,പി.പത്മകുമാർ,പാളയം രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.