
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനെ നഗരഹൃദയത്തിൽ നിന്നു മാറ്റി സ്ഥാപിക്കാൻ തുനിഞ്ഞാൽ ചോരപ്പുഴ ഒഴുകുമെന്ന് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്. സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള ഭരണപരിഷ്ക്കാര ശുപാർശയിന്മേൽ നടപടിക്കായി സർക്കാർ അഞ്ചംഗസമിതിയെ നിയോഗിച്ചിരുന്നു. അതിനെതിരെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചംഗ സമിതിയെ പ്രതീകാത്മകമായി നാടുകടത്തുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ്.എം.എസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനോദ് കെ, ട്രഷറർ കെ .എം. അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ ഡി.അനിൽകുമാർ, എ.സുധീർ, സൂസൻ ഗോപി, സെക്രട്ടറിമാരായ ഗോവിന്ദ് ജി.ആർ, ലതീഷ് എസ്.ധരൻ, വി.സി.ജോസ്, അജേഷ് എം, രാജേഷ് എം.ജി ,വനിതാവേദി പ്രസിഡന്റ് സുനിത എസ്.ജോർജ് എന്നിവർ സംസാരിച്ചു.