bjpparassala

പാറശാല: കായിക രംഗത്തുള്ള പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് മുൻ മന്ത്രി എൻ.സുന്ദരൻ നാടാരുടെ പേരിൽ പാറശാല കേന്ദ്രീകരിച്ച് സ്പോർട്സ് അക്കാഡമിയും സ്റ്റേഡിയവും സ്ഥാപിക്കണമെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻ.പി.രാധാകൃഷണൻ ആവശ്യപ്പെട്ടു. ലഹരി വിമുക്ത പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി ദീർഘ ദൂര ഓട്ടം നടത്തുന്ന കായിക താരവും ജീവകാരുണ്യ പ്രവർത്തകനുമായ ധനുവച്ചപുരം സ്വദേശി ബാഹുലേയന് പാറശാലയിൽ വച്ച് ആദരവ് നല്കി. മണ്ഡലത്തിലെ ബി.ജെ.പി യുടെ കാമ്പയിന്റെ ഉദ്‌ഘാടനം ' പുതിയ കേരളം ലഹരിമുക്തം ഭീകര മുക്തം ' എന്ന മുദ്രാവാക്യം അടങ്ങിയ പ്ലക്കാർഡ് കായിക താരം ബാഹുലേയന് നല്കി കൊണ്ട് എൻ.പി.രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. ക്യാൻസർ വൃക്ക രോഗികളെ സഹായിക്കുന്നതിന് വേണ്ടി 14 ദിവസം കൊണ്ട് പാറശാല മുതൽ കാസർകോട് വരെ ബാഹുലേയൻ നടത്തുന്ന ദീർഘദൂര ഓട്ടത്തിന് പാറശാലയിൽ സ്വീകരണവും നല്കി. ബി.ജെ.പി'മണ്ഡലം പ്രസിഡന്റെ അഡ്വ.എം.പ്രദീപിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഓ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ്, ജില്ല അദ്ധ്യക്ഷൻ വിപിൻ കുമാർ, മണ്ഡലം അദ്ധ്യക്ഷന്മാരായ ഇഞ്ചിവിള മഹേഷ്, കിളിയൂർ ശ്രീകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി കെ.ബിനു, യുവമോർച്ച നേതാവ് സുപ്രധാരൻ തുടങ്ങിയവർ പങ്കെടുത്തു.