
കല്ലറ: പാങ്ങോട്ട് ഗവ. എൽ.പി.എസ് സ്കൂളിലെ നാലാം ക്ലാസുകാരിയായ വൈഗയ്‌ക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അഞ്ചര സെന്റ് ഭൂമി വാങ്ങി നൽകി പാങ്ങോട് ഗവൺമെന്റ് എൽ.പി.എസ് മാതൃകയാകുന്നു. ജന്മനാ രോഗിയായ വൈഗയുടെ ചികിത്സയ്ക്കും നിത്യവൃത്തിക്കും നല്ലൊരു തുക തന്നെ വേണ്ടിവരും.പിതാവ് ഷിബു കൂലിപ്പണിക്കാരനും രോഗിയുമാണ്.വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ഇവരുടെ ദുരിതം മനസ്സിലാക്കിയ പാലോട് ബി.ആർ.സിയും പി.ടി.എയും നവകൂട്ടായ്മയും ചേർന്ന് വൈഗമോൾക്ക് ഒരു വീട് എന്ന പദ്ധതി ഏറ്റെടുക്കുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ കരീം,അൻവർ പഴവിള കല്ലറപാങ്ങോടെന്ന ശബ്ദ നവമാദ്ധ്യമ കൂട്ടായ്മ,അദ്ധ്യാപകർ,വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികളിൽ നിന്നുമെല്ലാം വസ്തു വാങ്ങാനാവശ്യമായ തുക കണ്ടെത്തി, പഴവിളയ്ക്ക് സമീപം അഞ്ചേകാൽ സെന്റ് ഭൂമി വാങ്ങി നൽകുകയായിരുന്നു.
സ്കൂളിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം വൈഗയുടെ രക്ഷിതാക്കൾക്ക് ഭൂമി ആധാരം കൈമാറി. പി.ടി.എ പ്രസിഡന്റ് അഭിലാഷ് പാങ്ങോട്, പ്രഥമാദ്ധ്യാപകൻ നൗഷാദ്,നജീബ് പാങ്ങോട്,പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീജ,ബി.പി.ഒ ബൈജു,സ്കൂൾ വികസന സമിതി പ്രതിനിധി സൈഫുദ്ദീൻ,എസ്.എം.സി ചെയർമാൻ അബൂബക്കർ,അനിൽകുമാർ,ബി.ആർ.സി കോ-ഓർഡിനേറ്റർ ശ്രീജ,അദ്ധ്യാപക പ്രതിനിധി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.