തിരുവനന്തപുരം: ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ 'നോ ടു ഡ്രഗ്സ്' കാമ്പെയിനിന്റെ ഒന്നാം ഘട്ട പ്രചാരണങ്ങളുടെ സമാപനംകുറിച്ച് കേരളപ്പിറവി ദിനത്തിൽ തലസ്ഥാന നഗരിയിൽ ലഹരിവിരുദ്ധ ശൃംഖല തീർക്കും.

ജില്ലയിലെ വിവിധ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും, അദ്ധ്യാപകരും, കുടുംബശ്രീ പ്രവർത്തകരും അണിചേരുന്ന ശൃംഖലയിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രമുഖ വ്യക്തികളും കണ്ണികളാകും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പ്രതീകാത്മകമായി ലഹരിമരുന്നുകൾ കത്തിക്കും. ശേഷം പാളയം യൂണിവേഴ്സിറ്റി കോളേജിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും. ലഹരിക്കെതിരെ കേരളത്തിന്റെ യുദ്ധപ്രഖ്യാപനമായിട്ടാണ് ലഹരിവിരുദ്ധ ശൃംഖലയൊരുക്കുന്നത്.

വൈകിട്ട് 3ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കാനും മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ധാരണയായി.

ജനകീയാസൂത്രണം, സാക്ഷരത, കുടുംബശ്രീ, പകർച്ചവ്യാധി നിർമാർജനം തുടങ്ങിയവ കൂട്ടായ പരിശ്രമത്തിലൂടെ വൻവിജയമാക്കിയ ചരിത്രം കേരളത്തിന് മുന്നിലുണ്ടെന്നും അതേ മാതൃകയിൽ ലഹരി നിർമാർജനത്തിനും എല്ലാവരുടെയും കൂട്ടായ പരിശ്രമമുണ്ടാകണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ ശൃംഖലയുടെ ചിട്ടയായ നടത്തിപ്പിന് മന്ത്രിമാരായ ആർ.ബിന്ദു, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു എന്നിവർ രക്ഷാധികാരികളായും മേയർ ആര്യാ രാജേന്ദ്രൻ ചെയർമാനായും ജില്ലാകളക്ടർ ജെറോമിക് ജോർജ് വൈസ് ചെയർമാനായും സംഘാടക സമിതി രൂപീകരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് തുടങ്ങുന്ന ലഹരി വിരുദ്ധ ശൃംഖല സംസ്ഥാനത്തെ ഏറ്റവും വലിയ മനുഷ്യശൃംഖലയാക്കി മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടകർ. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകളും എൻ.സി.സി വോളന്റിയർമാരും കുടുംബശ്രീ പ്രവർത്തകരും രാഷ്ട്രീയ സാമുദായിക, മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരും ശൃംഖലയിൽ കണ്ണികളാകും. യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ എസ്.സലിം, ഡി.ആർ.അനിൽ, ജില്ലാകളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവരും പങ്കെടുത്തു.