വർക്കല: ചെറുന്നിയൂർ പഞ്ചായത്തിൽ അയന്തി പ്രദേശത്ത് 5 ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ മോഷ്ടിച്ച സംഭവത്തിൽ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഊർജിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

പന്തുവിള കല്ലാൽ വിളാകം ദേവീക്ഷേത്രം, അയണിവിളാകം വലിയമേലതിൽ ക്ഷേത്രം, ചെറുന്നിയൂർ കാറ്റാടിമുക്ക് ക്ഷേത്രം, അയന്തി കുന്നിക്കോട് വനദുർഗാ ദേവീ യോഗീശ്വര ക്ഷേത്രം, ചെറുന്നിയൂർ കട്ടിങ്ങിൽ പാലമൂട്ടിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്ക വഞ്ചികളാണ് കഴിഞ്ഞ ദിവസങ്ങളിൽ കവർന്നത്. കൂടാതെ അയന്തി ചന്ദ്രവിലാസത്തിൽ പ്രമോദിന്റെ വീടിന്റെ ഗേറ്റും പന്തുവിള സുധർമണിയുടെ കടയുടെ ഗേറ്റും മോഷ്ടാക്കൾ കടത്തികൊണ്ടു പോയിരുന്നു.

അടുത്തകാലത്ത് ചെറുന്നിയൂരും പരിസരത്തും ക്ഷേത്രങ്ങളിൽ പരമ്പരയായി നടക്കുന്ന മോഷണം തടയാൻ പൊലീസ് ശക്തമായി ഇടപെടണമെന്നും വർഷങ്ങൾക്കു മുൻപ് അയന്തി ഗുരുമന്ദിരത്തിൽ പൊലീസ് സ്ഥാപിച്ച ബീറ്റ് ബോക്സ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് വർക്കല കൈരളി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അയന്തി ശ്രീകുമാർ വർക്കല ഡിവൈ.എസ്.പി.പി. നിയാസിന് നിവേദനം നൽകി.