vartha-sammelanam

കല്ലമ്പലം: നാവായിക്കുളത്ത് ഇ.എസ്.ഐ ആശുപത്രി നിർമ്മാണത്തിന് 28 ന് തറക്കല്ലിടുമെന്നും 2 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടുകാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയെന്നും അടൂർപ്രകാശ് എം.പി പറഞ്ഞു. നാവായിക്കുളത്ത് ഇ.എസ്.ഐ ആശുപത്രിയ്ക്കായി കെട്ടിടം നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ട് 41 വർഷം കഴിഞ്ഞു. നാവായിക്കുളത്തിന് സ്വന്തമായി ഒരു ഇ.എസ്.ഐ ആശുപത്രി ഉയരുമെന്നത് വെറും നടക്കാത്ത സ്വപ്നമാണെന്ന് കഴിഞ്ഞ 41 വർഷത്തെ അനുഭവങ്ങളിൽ നിന്ന് നാവായിക്കുളത്തുകാർ മനസ്സിലാക്കിയിരുന്നു. എന്നാൽ എം.പിയുടെ ശ്രമഫലമായി നാട്ടുകാരുടെ സ്വപ്ന സാക്ഷാത്കരിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 5 -ാം വാർഡിലുൾപ്പെട്ട വെള്ളൂർകോണം ജുമാ മസ്ജിദിന് സമീപം നാവായിക്കുളം - പള്ളിയ്ക്കൽ റോഡിനോട് ചേർന്ന് ഇ.എസ്.ഐ ആശുപത്രിയ്ക്കായി രണ്ടേക്കർ സ്ഥലം അക്വയർ ചെയ്തെടുത്തത് 1980ൽ ആണ്. കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ 2005ൽ പഞ്ചായത്ത് ഭരണസമിതിയും എം.എൽ.എയും, എം.പിയുമൊക്കെ നിരന്തമായി ഇടപെട്ടതിനെ തുടർന്ന് ഇ.എസ്.ഐ കോർപ്പറേഷനും കേന്ദ്രസർക്കാരും പദ്ധതി എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്തു. അഞ്ചേകാൽ കോടി രൂപയുടെ പദ്ധതിയാണ് എസ്റ്റിമേറ്റിൽ വിഭാവന ചെയ്തിരുന്നത്. ഇ.എസ്.ഐ ഡിസ്പെൻസറി, ഡോക്ടർമാരുടെ ക്വാർട്ടേഴ്സ്, കാന്റീൻ, രോഗികളുടെ വിശ്രമകേന്ദ്രം എന്നിവയൊക്കെ എസ്റ്റിമേറ്റിൽ കാണിച്ചിരുന്നു. തുടർന്ന് നാവായിക്കുളം പഞ്ചായത്ത് രണ്ട് ലക്ഷത്തോളം വരുന്ന പെർമിറ്റ്‌ ഫീസ്‌ ഒഴിവാക്കികൊണ്ട് 2008ൽ കെട്ടിടസമുച്ചയത്തിന് പെർമിറ്റ് നൽകി. എന്നാൽ ഉദ്ദേശിച്ചത് പോലെ കെട്ടിട പണി നടന്നില്ല. 2014ൽ പുതുക്കിയ എസ്റ്റിമേറ്റിൽ കരാറുകാരന്റെ സാന്നിദ്ധ്യത്തിൽ കെട്ടിട നിർമാണ ഉദ്ഘാടനം നടന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി ആശുപത്രി പ്രവർത്തിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം ഒന്നും നടന്നില്ല. വർഷങ്ങൾ വീണ്ടും കടന്നുപോയി. ഒടുവിൽ പാർലമെന്റ് ഇലക്ഷൻ അടുത്തപ്പോൾ അടൂർ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടാൽ 6 മാസത്തിനകം കെട്ടിടം നിർമിച്ച് ആശുപത്രി പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പാണ് പാലിയ്ക്കപ്പെട്ടത്. അടൂർപ്രകാശ് എം.പിയുടെ നിരന്തരമായ ഇടപെടലിലൂടെ 5,02,45,596/-രൂപയാണ് കേന്ദ്രസർക്കാർ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചത്.