
ആപ്പ് നവംബർ മുതൽ
തിരുവനന്തപുരം: സ്‌മാർട്ട് ഫോണിലൂടെ മീറ്റർ റീഡിംഗ് സ്വയമെടുത്ത് കുടിവെള്ള നിരക്ക് അടയ്ക്കാനുള്ള സെൽഫ് മീറ്റർ റീഡർ ആപ്പ് പ്രവർത്തനസജ്ജമായി. ഇതിനൊപ്പം മീറ്റർ റീഡർമാർക്കുള്ള ആപ്പും വരും. നവംബർ ആദ്യവാരം മന്ത്രി റോഷി അഗസ്റ്റിൻ രണ്ടും പുറത്തിറക്കും.
പ്ളേ സ്റ്റോറിൽ ലഭ്യമാകുമ്പോൾ ആപ്പുകളുടെ പേര് മാറും. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്‌ക്) ആണ് ആപ്പ് വികസിപ്പിച്ചത്. വാട്ടർ അതോറിട്ടി പാളയം സെക്ഷനിലാണ് ആപ്പിന്റെ ട്രയൽ റൺ നടത്തിയത്. മീറ്റർ റീഡർമാർക്ക് പരിശീലനവും നൽകി.
ആപ്പിന്റെ പ്രവർത്തനം
ആപ്പ് ഡൗൺലോഡ് ചെയ്തശേഷം മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. കൺസ്യൂമർ നമ്പർ നൽകുമ്പോൾ ഏറ്റവും ഒടുവിലെ റീഡിംഗ് കിട്ടും. പുതിയ റീഡിംഗ് രേഖപ്പെടുത്തുമ്പോൾ ഉപയോഗിച്ച വെള്ളത്തിന്റെ അളവും അടയ്‌ക്കേണ്ട തുകയും തെളിയും. വാട്ടർ അതോറിട്ടിക്കും ബില്ലിന്റെ പകർപ്പ് ലഭിക്കും. റീഡിംഗ് രേഖപ്പെടുത്തിയ മീറ്ററിന്റെ ചിത്രവും അപ്‌ലോഡ‌് ചെയ്യണം. തുടർന്ന് ആപ്പിലെ പേയ്‌മെന്റ് ഗേറ്റ്‌വേ ലിങ്കിൽ ബിൽ അടയ്‌ക്കാം.