
വെള്ളനാട്: ഗ്രാമീണമേഖലയിലെ ആത്മഹത്യാ മുനമ്പെന്നറിയപ്പെടുന്ന വെള്ളനാട് കൂവക്കുടി പുതിയ പാലത്തിന്റെ സുരക്ഷാവേലി മുഴുവൻ തകർന്നു. അരുവിക്കര ഡാം റിസർവ്വോയർ പ്രദേശമായ കരമനയാറ്റിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാനും പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാനുമാണ് പാലത്തിൽ സുരക്ഷാ വേലി നിർമ്മിച്ചത്.
2017ലാണ് കൂവക്കുടിയിൽ പുതിയ പാലം ഉദ്ഘാടനം ചെയ്തത്. 101.44 മീറ്റർ നീളത്തിൽ നിർമ്മിച്ച പാലത്തിന് ഇരുവശങ്ങളിലും അപ്പോൾ തന്നെ സുരക്ഷാവേലിയും സ്ഥാപിച്ചു. കൂവക്കുടിയിൽ നൂറ്റാണ്ട് പഴക്കമുള്ളതും 1904 ൽ ജർമൻകാർ നിർമ്മിച്ച വീതി കുറഞ്ഞ പഴയ പാലത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് സമാന്തരമായി 9 കോടി രൂപ ചെലവിൽ പുതിയ പാലം നിർമ്മിച്ചത്.
ആത്മഹത്യയും ഏറുന്നു
ആളാഴിഞ്ഞ പ്രദേശമായ കൂവക്കുടി പഴയ പാലത്തിൽ നിന്ന് ആറ്റിൽ ചാടി ആത്മഹത്യചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു.
ഇതോടെ ആത്മഹത്യകൾ ഒഴിവാക്കാനും മാലിന്യനിക്ഷേപം തടയാനും വാട്ടർ അതോറിട്ടി 10 ലക്ഷം രൂപ മുടക്കി പഴയ പാലത്തിൽ സുരക്ഷാ വേലി നിർമ്മിച്ചു. ഇതിന് ശേഷമാണ് പുതിയ പാലം നിർമ്മിച്ചത്. പഴയ പാലത്തിലെ സുരക്ഷാവേലിക്ക് ഇപ്പോഴും വലിയ കുഴപ്പം ഇല്ലെങ്കിലും പാലത്തിൽ പാഴ്ച്ചെടികൾ വളർന്ന് കാടുകയറി സുരക്ഷാ വേലി നശിച്ചിരിക്കുകയാണ്.
വേലി നശിച്ചു
പുതിയ പാലത്തിൽ സ്ഥാപിച്ചിരുന്ന സുരക്ഷാവേലിയുടെ കമ്പി മുഴുവൻ നശിച്ചു. കാലാകാലങ്ങളിൽ സുരക്ഷാവേലി മെയിന്റനൻസും പെയിന്റടിക്കാതെയും തുരുമ്പെടുത്തും കുറേ ഭാഗം ഇവിടെ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരുമാണ് നശിപ്പിച്ചിരിക്കുന്നത്.