പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്
തിരുവനന്തപുരം: മുട്ടത്തറയിൽ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി അതിക്രൂരമായി കൊലപ്പെട്ടത് കന്യാകുമാരി സ്വദേശി പീറ്റർ കനിഷ്കറാണെന്ന് സ്ഥിരീകരിച്ചു. മുട്ടത്തറ സ്വീവേജ് പ്ലാന്റിന്റെ മാലിന്യക്കിണറ്റിൽ നിന്ന് കണ്ടെത്തിയ രണ്ട് കാലുകളുടെയും ഡി.എൻ.എ പരിശോധനാഫലം ഇന്നലെ പുറത്തുവന്നു.
വെള്ളിയാഴ്ച തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ച ശരീരത്തിന്റെ ഭാഗം പോസ്റ്റുമോർട്ടം പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിന്റെയും ഡി.എൻ.എ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതികളായ മനു രമേശിനെയും സഹായി ഷെഹിൻഷായെയും കസ്റ്റഡിയിൽ വാങ്ങിയാൽ മാത്രമേ മറ്റ് ശരീരഭാഗങ്ങൾ ഉപേക്ഷിച്ചത് എവിടെയൊക്കെയാണെന്ന് തിരിച്ചറിയാനാകൂ. കേസിൽ ഇരുവരെയും ഒരാഴ്ചത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ശംഖുംമുഖം സി.ഐ സതികുമാർ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്‌ക്ക് വരുമെന്നാണ് അറിയുന്നത്.
അതേസമയം പീറ്ററിനെ കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച സുഹൃത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മറ്റൊരു യുവാവിനും വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി. മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും മൃതദേഹം കഷണങ്ങളാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. സംഭവവുമായി ബന്ധപ്പെട്ട സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പല സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചുവരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.