
നെടുമങ്ങാട്: ടിപ്പർ ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞ് അദ്ധ്യാപിക ഭർത്താവിന്റെ കൺമുന്നിൽ ടിപ്പർ കയറിയിറങ്ങി മരിച്ചു.നെട്ട ബോംബെ വില്ലയിൽ ജീനാ ഷാജഹാനാണ് (40) മരിച്ചത്.ഇന്നലെ രാവിലെ 7.30ഓടെ വാളിക്കോട് ജംഗ്ഷനിലാണ് സംഭവം.നാലാഞ്ചിറയിലെ സ്വകാര്യ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്ന ജീനയുമൊത്ത് ഭർത്താവ് ഷാജഹാൻ ബുള്ളറ്റിൽ സ്കൂളിലേക്ക് പോകുംവഴിയാണ് അപകടം. ടിപ്പറിനെ മറികടക്കുന്നതിനിടയിൽ എതിരെ മറ്റൊരു വാഹനം വരുന്നതുകണ്ട് വെട്ടിത്തിരിക്കവെ, പിൻസീറ്റിലിരുന്ന ജീന റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ടിപ്പർ ലോറിക്കടിയിൽപ്പെട്ട ജീന തത്ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് തൊളിക്കോട് തേവൻപാറ ജമാത്ത് കബർസ്ഥാനിൽ കബറടക്കി.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ജസിൻ ഏക മകനാണ്.നെടുമങ്ങാട് പൊലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തുവച്ച് മറ്റൊരു യാത്രക്കാരൻ മരിച്ചിരുന്നു.ഇവിടെ അപകടങ്ങൾ പെരുകുന്നുവെന്നും ട്രാഫിക് നിയന്ത്രണമേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അപകടം നടന്ന ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.നെടുമങ്ങാട് എസ്.ഐ ശ്രീകാന്ത് സ്ഥലത്തെത്തി അടിയന്തരമായി ഈ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാൻ ഹോംഗാർഡിനെ നിയമിക്കാമെന്ന് നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. നാല് റോഡുകൾ സംഗമിക്കുന്ന ഈ സ്ഥലത്ത് റോഡിൽ ഹംബ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ല്യു.ഡി അധികൃതരുമായി ചർച്ച നടത്തി.ഉച്ചയോടെ തന്നെ ഹംബിനുള്ള പണികൾ ആരംഭിച്ചു.