തിരുവനന്തപുരം: സർക്കാരിന്റെ ' നോ ടു ഡ്രഗ്സ് ' കാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദീപം തെളിച്ചു. വർക്കലയിൽ വി. ജോയ് എം.എൽ.എയും വാമനപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡി.കെ. മുരളി എം.എൽ.എയും ചിറയിൻകീഴ് റെയിൽവേ കോമ്പൗണ്ടിൽ വി. ശശി എം.എൽ.എയും പോങ്ങനാട് ജംഗ്ഷനിൽ ഒ.എസ്. അംബിക എം.എൽ.എയും ശാസ്‌തമംഗലം ജംഗ്ഷനിൽ വി.കെ. പ്രശാന്ത് എം.എൽ.എയും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ കെ. ആൻസലൻ എം.എൽ.എയും ദീപം തെളിച്ച് പരിപാടിയുടെ ഭാഗമായി.

പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസുകളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലലും സംഘടിപ്പിച്ചിരുന്നു. ഇന്ന് മന്ത്രി ജി.ആർ. അനിൽ നെടുമങ്ങാട് പൂവത്തൂർ കല്ലുവരമ്പിലും ജി. സ്റ്റീഫൻ എം.എൽ.എ ആര്യനാട് ജംഗ്ഷനിലും ദീപം തെളിക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തുന്ന കൂട്ടയോട്ടവും ഇന്ന് രാവിലെ സംഘടിപ്പിച്ചിട്ടുണ്ട്. മ്യൂസിയം ജംഗ്ഷനിൽ മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടം പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപം സമാപിക്കും. എ.എ. റഹീം എം.പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ദീപാവലി ദിവസമായ നാളെ വൈകിട്ട് ആറിന് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ ദീപം തെളിക്കും.