
ന്യൂഡൽഹി : ഇന്റർനെറ്റ് യുഗത്തിലും പത്രങ്ങളിലുള്ള വിശ്വാസം കൈവിടാതെ ഇന്ത്യക്കാർ. കേരളമുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ ലോക് നീതി- സെന്റർ ഫോർ ദ സ്റ്റഡി ഒഫ് ഡെവലപ്പിംഗ് സൊസൈറ്റീസും (സി. എസ്. ഡി.എസ്) കോൺറാഡ് അഡെന്യൂർ സ്റ്റിഫ്‌തങ്ങും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 15 ന് മേൽ പ്രായമുള്ള 7463 പേർ സർവെയിൽ പങ്കെടുത്തു.
സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നുണ്ടെങ്കിലും പത്രങ്ങളെയാണ് വാർത്തയുടെ കാര്യത്തിൽ വിശ്വാസമെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ചാനലുകൾ കാണാറുണ്ടെങ്കിലും പൂർണ്ണ വിശ്വാസം വരാറില്ല. ദൂരദർശനാണ് വിശ്വാസ്യത കൂടുതൽ. സ്വകാര്യ വാർത്താ ചാനലുകളെയും ഒാൺ ലൈൻ വെബ് സൈറ്റുകളെയും കാര്യമായി വിശ്വസിക്കുന്നില്ല. ആകാശവാണി റേഡിയോ വാർത്തകൾക്കും വിശ്വാസ്യത കുറവുണ്ടെന്ന് പഠനത്തിൽ പറയുന്നു.
സ്മാർട്ട് ഫോൺ നെറ്റ് ഉപയോഗം മൂന്നുവർഷത്തിനിടെ വർദ്ധിച്ചു. നെറ്റ് ഉപഭോക്താക്കളിൽ പത്തിൽ ഒൻപതുപേരും സാമൂഹിക മാദ്ധ്യമങ്ങളോ മെസേജിംഗ് പ്ളാറ്റ് ഫോമുകളോ ഉപയോഗിക്കുന്നുണ്ട്. പ്രിയം വാട്സ്‌ആപ്പും യുട്യൂബും.
ഫേസ് ബുക്കാണ് മൂന്നാമത്. ട്വിറ്ററിനും വാട്സ‌് ആപ്പിനുമാണ് കൂടുതൽ വിശ്വാസ്യത. എങ്കിലും ആറിലാെന്നു പേർ മാത്രമേ വാർത്തകളുടെ കാര്യത്തിൽ വിശ്വാസമുള്ളൂ.
ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത് തങ്ങൾ നിരീക്ഷണത്തിലാണെന്നാണ്.
വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാൽ സർക്കാർ സേവനങ്ങളെക്കാൾ ഇന്റർനെറ്റ് സേവന ദാതാക്കളെയാണ് വിശ്വാസം.