
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന കേസിനെത്തുടർന്ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ കെ.പി.സി.സി, ഡി.സി.സി ഘടകങ്ങളിൽ നിന്ന് ആറുമാസത്തേക്ക് പാർട്ടി സസ്പെൻഡ‌് ചെയ്തു. എം.എൽ.എ പാർട്ടിക്ക് നൽകിയ വിശദീകരണം പൂർണമായും തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി.
അതേസമയം, പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. കോടതിയുടെ ജാമ്യ ഉത്തരവിൽ നൽകിയ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും ജനപ്രതിനിധിയെന്ന നിലയിലും പെരുമ്പാവൂർ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനാവകാശം നിലനിറുത്തിയുള്ള നടപടിയെന്നാണ് കെ.പി.സി.സിയുടെ പത്രക്കുറിപ്പിൽ പറയുന്നത്.
ആറ് മാസം നിരീക്ഷണക്കാലയളവാണ്. തുടർനടപടി അതനുസരിച്ച് തീരുമാനിക്കും. ജനപ്രതിനിധിയെന്ന നിലയിൽ എൽദോസ് വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ലെന്ന അഭിപ്രായമാണ് പാർട്ടിക്കെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ നടപടി വേണ്ടെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടെങ്കിലും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് സി.പി.എമ്മിനെ സമ്മർദ്ദത്തിലാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് നടപടി എന്നാണ് സൂചന.