തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലായുവജന കേന്ദ്രവും സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം മന്ത്രി ആന്റണി രാജു ഫ്ലാഗ് ഒഫ് ചെയ്തു. എ.എ. റഹീം എം.പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെയുള്ള കൂട്ടയോട്ടത്തിൽ എ.എ. റഹീം എം.പിയോടൊപ്പം ടീം കേരള അംഗങ്ങൾ, യൂത്ത് ക്ലബ് അംഗങ്ങൾ,അവളിടം ക്ലബ് അംഗങ്ങൾ,സെന്റ് മേരീസ്‌ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരും പങ്കെടുത്തു. നോ ടു ഡ്രഗ്സ് കാമ്പെയിന്റെ ആദ്യ ഘട്ട പ്രചാരണങ്ങളുടെ സമാപനം കുറിച്ച് കേരള പിറവി ദിനത്തിൽ തലസ്ഥാന നഗരിയിൽ സ്കൂൾ,കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അണിനിരക്കുന്ന ലഹരി വിരുദ്ധ ശൃംഖലയും നടക്കും. വി.കെ. പ്രശാന്ത് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി.സുരേഷ്‌കുമാർ,യുവജന ക്ഷേമ ബോർഡ്‌ പ്രതിനിധികൾ തുടങ്ങിയവരും പങ്കാളികളായി.