കല്ലറ: തെരുവ് നായ വന്ധ്യംകരണ കേന്ദ്രം നിർമ്മിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. പാങ്ങോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹോമിയോ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് ഹോമിയോ വകുപ്പ് നിർമ്മാണ അനുമതി നൽകിയ സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തെരുവുനായ വന്ധ്യംകരണം കേന്ദ്രം ആരംഭിക്കാനാണ് നീക്കം. ഇതിനെതിരെ പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ രംഗത്തെത്തി. പാങ്ങോട് മൃഗാശുപത്രിക്ക് സമീപമാണ് ഹോമിയോ ആശുപത്രി നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത് ഇതിന് ഹോമിയോ വകുപ്പ് നിർമ്മാണ അനുമതി നൽകിയിരുന്നു. ഹോമിയോ ഹോസ്പിറ്റലിന് സൗകര്യപ്രദമായ സ്വന്തം കെട്ടിടം എന്ന വർഷങ്ങളായുള്ള മുറവിളി പരിഗണിച്ചാണ് പാങ്ങോട് പഞ്ചായത്ത് പണം അനുവദിച്ചത്. അപ്പോഴാണ് നായ വന്ധ്യംകരണം കേന്ദ്രം നിർമ്മിക്കാൻ ജില്ലാ പഞ്ചായത്തിന്റെ തീരുമാനം വന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും അവഹേളനവും ആണെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്.