drug-use

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളിലും കൗമാരക്കാരിലുമുൾപ്പെടെ രാസലഹരി മരുന്നുകളുടെ ഉപയോഗം ആശങ്കപ്പെടുത്തുന്ന നിലയിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ വർദ്ധന നാലിരട്ടിയിലേറെ. ഈവർഷം സെ‌പ്‌തംബർ വരെയുളള കണക്കുപ്രകാരം 16,​752 രാസലഹരി മരുന്നുകേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. പിടികൂടിയവയിൽ ഏറ്റവുമധികം എം.ഡി.എം.എ- 5.714 കിലോ. ഗ്രാമിന് പതിനായിരത്തിലധികം രൂപയാണ് ഇതിന്റെ വില. എൽ.എസ്‌.ഡി, ബ്രൗൺഷുഗർ, ഹാഷിഷ്, ഹെറോയിൻ തുടങ്ങിയവയും പിടികൂടുന്നുണ്ട്.

ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വിൽപ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണമെന്നാണ് ആക്ഷേപം. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും വർദ്ധിക്കുകയാണ്. പൊലീസിനും എക്സൈസിനും തടയാവുന്നതിലും അപ്പുറമുള്ള വലിയ ശൃംഖലയാണ് ലഹരി മാഫിയയുടേത്. പലപ്പോഴും പിടികൂടപ്പെടുന്നത് ചെറുകിട വിൽപ്പനക്കാരും ഉപഭോക്താക്കളും മാത്രമാണ്.

ലഹരി ഗുളികകൾ

മറിച്ചുവിൽക്കുന്നു

അനധികൃതമായി പ്രവർത്തിക്കുന്ന ചില ലഹരി വിമുക്ത കേന്ദ്രങ്ങൾ ചികിത്സയുടെ ഭാഗമായി വാങ്ങുന്ന ലഹരി ഗുളികകൾ മറിച്ചുവിൽക്കുന്നതായും ആക്ഷേപമുണ്ട്. ലഹരിക്കടിമകളായവരെ ഒറ്റയടിക്ക് അതിൽ നിന്ന് മോചിപ്പിക്കുക അസാദ്ധ്യമായതിനാൽ മരുന്നുകൾക്കൊപ്പം ലഹരി ഗുളികകൾ ഡോസ് കുറച്ച് നൽകാറുണ്ട്. ഇതിന്റെ മറവിൽ ഗുളികകൾ വാങ്ങിക്കൂട്ടി മറിച്ചുവിൽക്കുന്നുവെന്നാണ് ആക്ഷേപം. പിടിക്കപ്പെട്ടാൽ ലഹരി വിമുക്ത കേന്ദ്രത്തിൽ നിന്നു ലഭിച്ചതാണെന്ന് പറഞ്ഞു രക്ഷപ്പെടും. 10 ഗുളികകൾ അടങ്ങിയ 46 രൂപ വിലയുള്ള ഒരു സ്ട്രിപ്പ് ആയിരം രൂപയ്ക്കാണ് മറിച്ചുവിൽക്കുന്നത്.

ഇടനിലക്കാരായി സ്‌ത്രീകളും

തിരുവനന്തപുരത്ത് ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഇടനിലക്കാരായ സ്‌ത്രീകളും ഏറെയുണ്ടെന്ന് അധികൃതർ പറയുന്നു. നെടുമങ്ങാട്,പേരൂർക്കട,നെയ്യാറ്റിൻകര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പല സംഘങ്ങളും പ്രവർത്തിക്കുന്നത്. തെക്കൻ ജില്ലകളിലെ കോളേജ് വിദ്യാർത്ഥികളാണ് ലക്ഷ്യം. എട്ടു മാസത്തിനിടെ ഇരുപതോളം സ്‌ത്രീകളാണ് അറസ്റ്റിലായത്.

''ലഹരി ഉപയോഗത്തിൽ ഇന്ന് ആൺപെൺ വ്യത്യാസമില്ല. ലഹരി മാഫിയകൾക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ലഹരിക്കെതിരെ നീണ്ടൊരു പോരാട്ടമാണ് സർക്കാർ നടത്തുന്നത്.

എം.ബി.രാജേഷ്,

എക്സൈസ് വകുപ്പ് മന്ത്രി