
തിരുവനന്തപുരം: പൊഴിയൂരിന്റെ മുഖഛായ മാറ്രാനുള്ള ഹാർബർ നിർമ്മാണം അടുത്ത വർഷം ആരംഭിക്കാൻ സർക്കാർ. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് 2023ഓടെ സാക്ഷാത്കരിക്കുന്നത്.നിലവിൽ ഹാർബർ എൻജിനിയറിംഗ് വകുപ്പ് ഹാർബറിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.മൂന്ന് മാസത്തിനുള്ളിൽ ഡി.പി.ആർ പൂർത്തിയാക്കി എസ്റ്റിമേറ്റ് സമർപ്പിച്ച് ഭരണാനുമതി നേടും.
കേരള അതിർത്തിയായ കൊല്ലങ്കോട് മുതൽ പൂവാർ പൊഴിക്കര വരെ മുപ്പതിനായിരത്തിന് അടുത്ത് മത്സ്യത്തൊഴിലാളികളാണുള്ളത്.ഇവിടെ ഹാർബറില്ലാത്തത് കാരണം ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ദൂരസ്ഥലങ്ങളിലെ ഫിഷിംഗ് ഹാർബറുകളെ ആശ്രയിച്ചാണ് തൊഴിലെടുക്കുന്നത്. ബാക്കി വരുന്ന പത്ത് ശതമാനം മത്സ്യത്തൊഴിലാളികൾ മാത്രമാണ് പരമ്പരാഗത രീതിയിൽ തദ്ദേശീയമായി തൊഴിലെടുക്കുന്നത്.ഹാർബർ യാഥാർത്ഥ്യമായാൽ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്ക് ഉപകാരമാകും.
ഹാർബറിന്റെ നിർമ്മാണത്തിന് മുൻപ് വീണ്ടും വിദഗ്ദ്ധ സംഘം പൊഴിയൂർ സന്ദർശിക്കും. കൊൽക്കത്തയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഹാർബർ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരോടൊപ്പമാണ് സ്ഥലം സന്ദർശിക്കുന്നത്.ഇത് കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരുടെയും വിദേശ സന്ദർശനത്തിൽ മത്സ്യബന്ധന വകുപ്പുമായി കൈകോർക്കാമെന്ന് നോർവേ സർക്കാർ ധാരണയായിരുന്നു.ഈ സാഹചര്യത്തിൽ അവരുടെ നിർദ്ദേശങ്ങളും പരിഗണിക്കും.