
ഉദിയൻകുളങ്ങര: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് പാറശാല അഗ്നി രക്ഷാ കേന്ദ്രം. വാഹനാപകടങ്ങൾ പതിവായ കരമന-കളിയിക്കാവിള പാതയിലെ പ്രധാന കേന്ദ്രമാണിത്. ഇവിടെ ആംബുലൻസ് സൗകര്യങ്ങൾ ഇല്ലാതായിട്ട് നാല് വർഷത്തിലധികമാവുന്നു. പാറശാല പഞ്ചായത്ത് വക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നത്. ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം പോലും പരിമിതിമാണിവിടെ വെള്ളറട മുതൽ ഊരമ്പ് വരെയുള്ള പ്രദേശങ്ങളാണ് യൂണിറ്റിന് കീഴിലുള്ളത്. 2004-ലാണ് പാറശാലയിൽ പ്രവർത്തനം ആരംഭിച്ചത്. പതിനെട്ട് വർഷം കഴിഞ്ഞിട്ടും സ്വന്തമായി കെട്ടിടം നിർമ്മിച്ച് അവിടെയ്ക്ക് മാറുവാൻ സാധിച്ചിട്ടില്ല. അഗ്നി രക്ഷാ സേനയ്ക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന ആവശ്യം ശക്തമായതോടെ ബഡ്ജറ്റിൽ കെട്ടിട നിർമാണത്തിനായി ഫണ്ട് അനുവദിച്ചു. അതും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. പരിമിതമായ സ്ഥലത്താണ് ഓഫീസും ജീവനക്കാരുടെ വിശ്രമത്തിനുള്ള മുറിയും പ്രവർത്തിക്കുന്നത്. ഇതിൽ വിശ്രമമുറിയെങ്കിലും താഴത്തെ നിലയിൽ ലഭ്യമാക്കണമെന്ന് ജീവനക്കാരുടെ ആവിശ്യവും നാളിതു വരെ യാഥർത്യമായില്ല. ആംബുലൻസ് സൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഇത് പലപ്പോഴും ജീവനക്കാരും നാട്ടുക്കാരുമായി വാക്കേറ്റത്തിന് വരെ കാരണമായിട്ടുണ്ട്. പാറശാല യൂണിറ്റിനായി അനുവദിച്ച ആംബുലൻസ് നാല് വർഷങ്ങൾക്ക് മുമ്പ് കാട്ടാക്കട യൂണിറ്റിലേക്ക് മാറ്റിയിരുന്നു. അടുത്തിടെ കാരാളിയിൽ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകട സ്ഥലത്തേയ്ക്ക് സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചുവെങ്കിലും പരിക്കേറ്റവരെ ഉടൻ ആശു പത്രിയിൽ എത്തിക്കുവാനായി ആംബുലൻസ് ഇല്ലാത്തത് കാരണം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സ്വകാര്യ ആംബുലൻസുകളുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ പിന്നിട് ആശുപത്രിയിലേക്ക് എത്തിച്ചത്. സേനയുടെ വാഹനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും പാറശാല യൂണിറ്റിനില്ല. നിലവിലുള്ള ഗാരേജാകട്ടെ ചോർന്നൊലിക്കുന്ന സ്ഥിതിയുലുമാണ്.