resolution-

ചിറയിൻകീഴ് : സാമൂഹിക വിപത്തായ മയക്കുമരുന്നിനെതിരെ ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിന്റെ എക്സിക്യുട്ടീവ് യോഗം പ്രമേയം പാസാക്കി. ചില രാഷ്ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരിൽ ചിലരുടെ പിടിപ്പുകേടുംകൊണ്ടാണ് ലഹരി മാഫിയകൾ തഴച്ച് വളരുന്നതെന്നും കർശന നിലപാട് സ്വീകരിച്ചാൽ കേരളത്തിൽ നിന്ന് മയക്കുമരുന്ന് വിപത്തിനെ പുറത്തുചാടിക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ ഇത് പഠന വിഷയമാക്കണം. ലഹരിക്ക് ഒരാൾ അടിപ്പെട്ടാൽ ദോഷം അയാൾക്കു മാത്രമല്ല, അയാളുടെ കുടുംബത്തിനും നാടിനും കൂടിയാണ്. രക്ഷാകർത്താക്കൾ കുട്ടികളുടെ ദൈനംദിന പ്രവർത്തികളിൽ ശ്രദ്ധിക്കുകയും ചിലതിനൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണം. പ്രാർത്ഥനകളിലൂടെയും ആരാധനയിലൂടെയും ദൈവ ചിന്ത കുട്ടികളിൽ വളർത്താനും ശ്രമിക്കണം. യോഗം ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘം പ്രസിഡന്റ്‌ സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു.എക്സിക്യുട്ടീവ് അംഗങ്ങളായ രാജൻ ഫെഡറൽ ബാങ്ക്, ശിവദാസൻ, അഴൂർ ജയകുമാർ, ജോസ്, പ്രീത, പ്രസീത, മീര, സുമ, മറ്റ് സംഘാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.