കല്ലമ്പലം പള്ളിക്കൽ പഞ്ചായത്ത് കുളക്കുടിയിൽ പ്രവർത്തിക്കുന്ന പാറ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാത്ത സംഭവത്തിൽ ഭരണസമിതി വിശദീകരണം നൽകണമെന്നും, ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി അടിയന്തര യോഗം വിളിക്കണമെന്നും കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. ക്വാറി പ്രവർത്തിക്കുമ്പോൾ പാറക്കഷണങ്ങൾ വീടുകൾക്ക് മുന്നിലും തിരക്കേറിയ റോഡിലും പതിക്കുന്നുവെന്നാണ് പരാതി. തുടർന്ന് ആഴ്ചകൾക്ക് മുൻപ് നാട്ടുകാരുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി പഞ്ചായത്തിനെ സമീപിക്കുകയും സെക്രട്ടറിയെ തടഞ്ഞു വയ്ക്കുകയും ചെയ്തു. എന്നാൽ ഇതിൽ പങ്കെടുത്ത കോൺഗ്രസിലെ പഞ്ചായത്ത് അംഗങ്ങളായ എസ്.ഷിബിലി, ഐ.മുബാറക് ഉൾപ്പെടെ 9 പേർക്കെതിരെ കേസ് എടുത്തതായും പരാതിയുണ്ട്. സംഭവത്തിൽ വ്യക്തത വരുത്താൻ അടിയന്തരയോഗം വിളിക്കണമെന്നും ഇല്ലെങ്കിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരിപാടികൾ തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.