
തിരുവനന്തപുരം: മുൻമന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തള്ളിക്കളഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസും, ഇതും വ്യത്യസ്തമാണെന്നും എൽ.ഡി.എഫ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ആരോപണമുയരുമ്പോൾ അതുന്നയിക്കുന്നയാളിന്റെ ആത്മാർത്ഥതയും പരിശോധിക്കപ്പെടുമെന്ന് ഒപ്പമുണ്ടായിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.
?.സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം സി.പി.എം നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചല്ലോ...
#ഗോവിന്ദൻ: സ്വപ്ന സുരേഷിന്റെ കാര്യത്തിലിപ്പോൾ ചർച്ചയില്ല. എൽ.ഡി.എഫിന്റെ സമരപരിപാടിയുടെ വാർത്തയില്ലാതാക്കാനുള്ള ബോധപൂർവ്വ ശ്രമമാണിത്.
കാനം: അതൊരു തുടർക്കഥയല്ലേ. അതെപ്പോൾ അവസാനിച്ചെന്ന് നോക്കിയിട്ട് പ്രതികരിച്ചാൽ മതിയല്ലോ. ഇത് രണ്ടാം ലക്കമാണ്. അടുത്തതിനി വരുമല്ലോ.
?. സി.പി.എം ഇതിൽ പ്രതികരിക്കേണ്ടതല്ലേ?
#ഗോവിന്ദൻ: പ്രതികരിക്കാനുണ്ടെങ്കിൽ അപ്പോൾ പ്രതികരിക്കും.
?. സോളാർ കേസും സമാനമായിരുന്നില്ലേ?
#ഗോവിന്ദൻ: ഇതിപ്പോ കള്ളക്കടത്തുമായി ബന്ധപ്പെട്ടതായിരുന്നല്ലോ കേസ്.
?. രണ്ടാമതൊരു പുസ്തകം കൂടി വരുന്നുണ്ട്.
#ഗോവിന്ദൻ: വരട്ടെ. രണ്ടാമത്തെയോ മൂന്നാമത്തെയോ അദ്ധ്യായമായി വരട്ടെ.
?. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരും സ്പീക്കറുമായിരുന്നവർക്കെതിരെയാണ് ഗുരുതര ആരോപണം?
#ഗോവിന്ദൻ: ആരോപണം ഗുരുതരമെന്നത് അതുന്നയിച്ചവർ തന്നെ പറയുന്നതാണ്.
?. സമാന ആരോപണം സോളാർകേസിലുണ്ടായപ്പോൾ അത് സി.ബി.ഐ അന്വേഷണത്തിൽ വരെയെത്തി?
#ഗോവിന്ദൻ: ഇ.ഡിക്ക് മുന്നിലിതെല്ലാം ആവർത്തിച്ചിട്ടുണ്ടെന്നാണല്ലോ പറയുന്നത്. അവിടെ കേസ് നടക്കട്ടെ.
?.ചോദ്യം: ഭരണം മാറുമ്പോഴെങ്ങനെയാണ് കേസിന്റെ മെറിറ്റ് മാറുന്നത്.
#ഗോവിന്ദൻ: പറയേണ്ടതെല്ലാം പറഞ്ഞു.
?. സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഒഴിഞ്ഞുമാറുകയല്ലേ.
#ഗോവിന്ദൻ: ഒഴിഞ്ഞ് മാറേണ്ട കാര്യമില്ല. ഇങ്ങനെ തുടർക്കഥയവതരിപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ട്. അതിൽ പ്രതിപക്ഷമുണ്ട്. മാദ്ധ്യമങ്ങളുമുണ്ടാവും. കേസ് സ്വർണക്കടത്തിന്റേതാണ്. അതിൽനിന്നെല്ലാം മാറിയിപ്പോൾ സി.പി.എം നേതാക്കൾക്കെതിരെ അപവാദപ്രചാരണവുമായി വരികയാണ്.
?. എൽദോസിന്റെ കാര്യത്തിൽ സദാചാരവും ധാർമ്മികതയും പറഞ്ഞതല്ലേ?
#ഗോവിന്ദൻ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പറഞ്ഞതിലൊരു കാര്യവും ശരിയല്ലെന്ന് രാജ്യം മുഴുവൻ മനസ്സിലാക്കിയൊരു വ്യക്തി തുടർച്ചയായി നടത്തുന്ന വ്യാജപ്രചാരണങ്ങളോട് അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ല. ഒരാളൊരു കാര്യം പറഞ്ഞതിന്റെ പേരിൽ ധാർമ്മികത ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമോ?
?.ആരോപണത്തിനെതിരെ കേസ് കൊടുക്കുമോ
#ഗോവിന്ദൻ: പറയുന്നതിനെല്ലാം കേസിന് പോയാൽ അതിനല്ലേ നേരമുണ്ടാവൂ. നിങ്ങളീപ്പറഞ്ഞ കേസ് ആലോചിക്കാം. ഇവർ പറയുന്നതാണ് ധാർമ്മികതയെന്ന് അടിച്ചേല്പിക്കാൻ ശ്രമിക്കേണ്ട.
?. ആരോപണവിധേയരായ മൂന്ന് പേരും പ്രതികരിച്ചിട്ടില്ല?
#ഗോവിന്ദൻ: പ്രതികരിക്കേണ്ടതാണെങ്കിൽ തീർച്ചയായും പ്രതികരിക്കും.
?.: ആരോപണം വരുമ്പോൾ മൂന്ന് പേരോടും തിരക്കണ്ടേ?
#ഗോവിന്ദൻ: തിരക്കാൻ പാർട്ടിക്ക് അന്നുമിന്നും ഒരു സംശയവുമില്ല.
? ആരോപണത്തിന് പിന്നിലാരാണ്?
#ഗോവിന്ദൻ: അത് നിങ്ങൾ കണ്ടുപിടിക്കൂ.
കാനം: ആരോപണം വരുമ്പോൾ ഉന്നയിക്കുന്നയാളിന്റെ ഇന്റഗ്രിറ്റിയും പരിശോധിക്കപ്പെടും.
?. ഇന്റഗ്രിറ്റി പരിശോധിക്കേണ്ടത് രാഷ്ട്രീയസംവിധാനമല്ലല്ലോ?
#കാനം : മാദ്ധ്യമങ്ങൾക്കും പരിശോധിക്കാം.
?. സോളാറിന്റെ പേരിലല്ലേ സെക്രട്ടേറിയറ്റ് വളഞ്ഞത്?
#കാനം: അതിൽ വസ്തുതയില്ലെന്ന് പറയാനാവില്ലല്ലോ.
ഗോവിന്ദൻ: അതിൽ വസ്തുതയുണ്ടെന്ന് വ്യക്തമാണ്. ഇതിൽ വസ്തുതയില്ലെന്നും വ്യക്തമല്ലേ. ഇതും എൽദോസും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ട. തന്നെ ബലാത്സംഗം ചെയ്തെന്ന് കേസ് കൊടുത്ത വിഷയമാണ്. അതിൽ വേറെ ധാർമ്മികതയുടെ പ്രശ്നമില്ല.
സ്വപ്ന ബി.ജെ.പിയുടെ
ദത്തുപുത്രി:
തോമസ് ഐസക്
# ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല
കോഴിക്കോട്: സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചപ്പോൾ തന്റെ പേര് പറഞ്ഞത് ബോധപൂർവമാണെന്നും ,ബി.ജെ.പിയുടെ ദത്തുപുത്രിയാണ് അവരെന്നും മുൻ മന്ത്രി തോമസ് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
. ആരോപണം ഉന്നയിച്ചതിന് ശേഷം നിരവധി ചർച്ചകളാണുണ്ടായത്. അതിന്റെ പിന്നിൽ ബി.ജെ.പിക്ക് അകത്തുള്ളവരാണ്. അവരുടെ രാഷ്ട്രീയമാണത്. കള്ളക്കടത്ത് കേസിലെ പ്രതിക്ക് പൂർണസംരക്ഷണം നൽകുന്നത് ബി.ജെ.പിയാണ്. സി.പി.എമ്മിന്റെ പ്രധാനപ്പെട്ട ആളുകളെ തേജോവധം ചെയ്യാനാണ് സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. വലിയ പരിശ്രമം അതിനായി നടക്കുന്നുണ്ട്. സ്വപ്നയുടെ നിലപാടുകൾ വൈരുദ്ധ്യം നിറഞ്ഞതാണ്. രാഷ്ട്രീയമായ വിഷയത്തെ രാഷ്ട്രീയമായാണ് നേരിടേണ്ടത്, നിയമപരമായല്ല. മറിച്ചാണെങ്കിൽ പാർട്ടി തീരുമാനിക്കും. സോളാർ കേസ് ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല.
വീടിന്റെ മുകളിലേക്ക് വിളിച്ചതിൽ അപാകതയില്ല. മുകളിലേക്ക് വരാൻ വീടിന്റെ ഉള്ളിലേക്ക് കടക്കേണ്ട. ഒഫീഷ്യൽ മീറ്റിംഗുകൾ മുകളിലാണ് നടക്കാറ്. ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല. സ്വബോധമുള്ള ഏതെങ്കിലും മന്ത്രി കറങ്ങാനായി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുമോ?. അതും വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിൽ. സാമാന്യ യുക്തിക്ക് നിരക്കുന്നതാണോ ഇത്?. പല ചർച്ചകൾ നടത്തിയിട്ടുണ്ടാകും. മന്ത്രിയായിരിക്കുമ്പോൾ ഒരിക്കൽ പോലും മൂന്നാറിൽ പോയിട്ടില്ല. ആരു വന്നാലും ചിരിച്ചും സ്നേഹത്തിലുമാണ് താൻ സംസാരിക്കുകയെന്നും തോമസ് ഐസക് പറഞ്ഞു.