കള്ളിക്കാട്: പന്തയിലേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തലാക്കിയതോടെ ആദിവാസി മേഖല ഉൾപ്പെടുന്ന പന്തയിലേയ്ക്കുള്ള യാത്രാക്ലേശം രൂക്ഷമായി. കാട്ടാക്കട, വെള്ളറട ഡിപ്പോകളിൽ നിന്നുമാണ് ഈ മേഖയിലേയ്ക്ക് ബസുകൾ സർവീസ് നടത്തിയിരുന്നത്. കാട്ടാക്കട ഡിപ്പോയിൽ നിന്നും പന്തവഴി കൂട്ടപ്പൂവിലേയ്ക്കും അമ്പൂരിയിലേയ്ക്കും ഉള്ള സർവീസുകൾ മുഴുവൻ നിറുത്തി വച്ചു. ഇപ്പോൾ ദിവസങ്ങൾക്ക് മുൻപ് വെള്ളറടയിൽ നിന്നും ഉണ്ടായിരുന്ന സർവീസുകളും പൂർണ്ണമായും നിറുത്തി.

ഈ മേഖലയിലേയ്ക്ക് രാവിലെ മൂന്ന് സർവീസുകളും ഇപ്പോൾ നിറുത്തി വച്ചതിൽപ്പെടും. രാവിലേയും വൈകുന്നേരങ്ങളിലും ഉണ്ടായിരുന്ന ബസുകൾ നിറുത്തിവച്ചതോടെ ഈ മേഖലയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും സർക്കാർ ജോലിക്കാർക്കും കൂലിപ്പണിക്കാർക്കും ജോലിയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായി. സ്കൂളുകളിലും കോളേജുകളിലും പോകാൻ വിദ്യാർത്ഥികൾ കിലോമീറ്ററുകൾ നടന്നോ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചോ കള്ളിക്കാട് എത്തിയശേഷമേ അടുത്ത ബസ് കയറി പോകാൻ കഴിയൂ. അതുപോലെ വൈകിട്ടോടെ കുട്ടികൾക്ക് വീട്ടിലെത്താനും കഴിയാത്ത അവസ്ഥയിലാണ്.

പ്രദേശവാസികൾ കാട്ടാക്കട, വെള്ളറട ഡിപ്പോ അധികൃതരുമായി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടെങ്കിലും സർവീസ് ആരംഭിക്കാൻ തയ്യാറായിട്ടില്ല. ഇതിൽ ശക്തമായ ജനകീയ രോക്ഷവുമുണ്ട്. അടിയന്തിരമായി സർവീസുകൾ ആരംഭിച്ചില്ലെങ്കിൽ ജനങ്ങൾ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അഡ്വ.ഭാനുകൃഷ്ണകുമാർ അറിയിച്ചു.