ശിവഗിരി : സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഗുരുദേവ വിശ്വാസികൾ തൂത്തെറിയണമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വ ശില്പശാല ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവൻ മുന്നോട്ടു വച്ച മൂല്യവത്തായ ദർശനത്തിന്റ പഠനവും അനുശീലനവും നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണ് ഇത്തരം സാമൂഹിക അപചയങ്ങളെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സഭ ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, രജിസ്ട്രാർ അഡ്വ.പി.എം മധു, ഗുരുധർമ്മ പ്രചാരണ സഭ പി.ആർ. ഒ വി.കെ. ബിജു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, ഡോ.പി.ചന്ദ്രമോഹൻ, വി.കെ. ബിജു, അഡ്വ.പി.എം. മധു, ഡോ. ബി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. ശില്പശാല ഇന്ന് സമാപിക്കും.