1

വിഴിഞ്ഞം: തെക്കൻ കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ വിഴിഞ്ഞം മുഹിയിദ്ദീൻ പള്ളി ഉറൂസിനോടനുബന്ധിച്ചുള്ള ക്രമീകരണം എർപ്പെടുത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.ഉറൂസ് 26 മുതൽ നവംബർ 6 വരെയാണ്.ജലവിതരണം ഉറപ്പുവരുത്തുക,ഉറൂസ് തുടങ്ങുന്നതിന് മുമ്പായി പരിസര ശുചീകരണം,അറ്റകുറ്റപ്പണികൾ,മൊബൈൽ ടോയ്ലറ്റുകൾ തയാറാക്കുക,ഹംബുകളിൽ റിഫ്ളക്ടർ സ്ഥാപിക്കൽ,ഉറൂസ് ദിനങ്ങളിൽ കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തുക,ഹാർബർ വാർഡിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ സേവനം ഉറപ്പു വരുത്താനും സുരക്ഷയ്ക്ക് മതിയായ പൊലീസ് സേവനം ഉറപ്പുവരുത്താനും അവലോകന യോഗം തീരുമാനിച്ചു.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പങ്കെടുക്കാത്തത് സംബന്ധിച്ച് വിശദീകരണം ചോദിക്കാനും അവലോകന യോഗം തീരുമാനിച്ചു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് കൗൺസിലർ നിസാമുദീൻ,വിഴിഞ്ഞം തെക്കും ഭാഗം മുസ്ളിം ജമാഅത്ത് പ്രസിഡന്റ് ഡോ.എച്ച്.എ റഹ്മാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

26ന് തുടങ്ങുന്ന ഉറൂസിൽ വൈകിട്ട് 4ന് ഘോഷയാത്രയും ​6.30 ന് ജമാഅത്ത് പ്രസിഡന്റ് ഡോ. എച്ച്.എ.റഹ്മാൻ കൊടിയും ഉയർത്തും. സമൂഹപ്രാർഥനയ്ക്ക് നൂറുൽ ഉലമ ശൈഖുനാ കെ.പി. അബൂബക്കർ ഹസ്റത് നേതൃത്വം നൽകും. രാത്രി 9.30ന് ചീഫ് ഇമാം കല്ലായി ആ മസ്ജിദ് കണ്ണൂർ മൗലവി യഹ്യ ബാഖവി പുഴക്കരയുടെ മതപ്രഭാഷണവും രാത്രി 12.30ന് മദീന നിലാവും നടത്തും.എല്ലാ ദിവസവും രാത്രി 9.30 ന് മതപ്രഭാഷണ പരമ്പര,​ മൗലൂദ് പാരായണവും മുനാജാത്തും. മതപ്രഭാഷണത്തിൽ യഥാക്രമം മൗലവി ഷമീർ ദാരിമി,മൗലവി അബൂറബീഅ് സ്വദക്കത്തുള്ള ബാഖവി,മൗലവി സിദ്ദീഖ് ഫൈസി അൽ അസ്ഹരി,മൗലവി കെ.കെ.മാഹീൻ ബാദുഷ,​മൗലവി അബ്ദുൽ വഹാബ് നഈമി,മൗലവി സിറാജുദ്ദീൻ ഖാസിമി പത്തനാപുരം,മൗലവി അബ്ദുൽ സത്താർ ബാഖവി,മൗലവി നവാസ് മന്നാനി,പനവൂർ എന്നിവർ പ്രഭാഷണം നടത്തും.

നവംബർ 4ന് വൈകിട്ട് 6.30ന് മാനവ മൈത്രി സംഗമം. രാത്രി 9.30ന് മൗലവി നൗഫൽ സഖാഫി കളസ മത പ്രഭാഷണം. 5ന് രാവിലെ 9 മുതൽ ചന്ദനക്കുട പരിപാടികൾ, രാത്രി 7.30ന് ദഫ് മുട്ട് 9.30ന് ചിറയിൻകീഴ് എ.എം.നൗഷാദ് ബാഖവിയുടെ പ്രഭാഷണവും,രാത്രി ഒരു മണി മുതൽ ഫോക് ലോർ അക്കാഡമി വൈസ് ചെയർമാൻ ഡോ.കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ്രാവും നടക്കും.6-ന് പുലർച്ചെ 3.30 ന് പട്ടണപ്രദക്ഷിണം.സുബ്ഹി നമസ്കാരാനന്തരം മൗലവി അബ്ദുൽ സത്താർ ബാഖവിയുടെ നേതൃത്വത്തിൽ നടക്കുന്ന മൗലൂദ് പാരായണത്തിനും ദുആക്കും ശേഷം അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കും. 26, നവംബർ 4, 5 എന്നീ തീയതികളിൽ ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും മുഹിയിദ്ദീൻ പള്ളിയിലേക്ക് സർവ്വീസുകൾ ഉണ്ടായിരിക്കുമെന്ന് തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഡോ.എച്ച്.എ.റഹ്മാൻ,സെക്രട്ടറി യു.സുധീർ എന്നിവർ അറിയിച്ചു.