തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ ഡൽഹിയിലുള്ള വി.വി. ഗിരി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ സംസ്ഥാനത്തും ആധുനിക സംവിധാനങ്ങളോടെയുള്ള തൊഴിൽ പഠന കേന്ദ്രം ആരംഭിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനുകീഴിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റിൽ പുതിയ അസിസ്റ്റന്റുമാർക്കായി സംഘടിപ്പിച്ച ഇൻഡക്‌ഷൻ ട്രെയിനിംഗിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എവറസ്റ്റ് കൊടുമുടി കയറിയ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ ഷേഖ് ഹസൻ ഖാനെ മന്ത്രി ആദരിച്ചു. പുതുതായി സർവീസിൽ പ്രവേശിച്ച 35 അസിസ്റ്റന്റുമാർക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറി സീമ. എസ്, അണ്ടർ സെക്രട്ടറി ഷാജി.എസ് എന്നിവർ സംസാരിച്ചു.