വെള്ളറട: നിരോധിത പുകയില ഉത്പന്നങ്ങൾ മലയോര ഗ്രാമങ്ങളിൽ സുലഭം. എക്സൈസും പൊലീസും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരെ കബളിപ്പിച്ച് വൻതോതിൽ കച്ചവടം നടക്കുന്നുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചാൽ മദ്യത്തെപ്പോലെ വേഗം കണ്ടെത്താൻ കഴിയില്ലെന്നതാണ് പൊലീസിനെയും എക്സൈസിനെയും വലയ്ക്കുന്നത്. ലഹരി കടത്തുന്നവരെ കണ്ടെത്താൻ കഴിയാത്തതും പൊലീസിനെ വലയ്ക്കുന്നു. അതിർത്തികളിൽ നിന്ന് സുലഭമായാണ് ലഹരി വസ്തുക്കൾ ജില്ലയിലേക്ക് കടത്തുന്നത്. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കച്ചവടം. ലഹരി ഉപയോഗിക്കുന്നവരിൽ പെൺക്കുട്ടികളും ഉണ്ടെന്നാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. രസത്തിന് തുടങ്ങി സ്ഥിരമാവുകയും പിന്നീട് കച്ചവടക്കാരായി മാറുകയും ചെയ്യുന്നവരുമുണ്ട്. ലഹരി മാഫിയയ്ക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ ഗ്രാമങ്ങളിൽ അതിർത്തി കടന്ന് കഞ്ചാവ് വ്യാപകമായിയെത്തുമ്പോഴും ഉറവിടം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളായ വെള്ളറട, പനച്ചമൂട്, ചെറിയകൊല്ല, കന്നുമാംമൂട് എന്നിവിടങ്ങളിൽ കച്ചവടക്കാരുടെ എണ്ണവും കൂടുതലാണ്. ഈ അടുത്തിടെയായി ഗ്രാമങ്ങളിൽ നിന്നും പൊലീസും എക്സൈസും കിലോ കണക്കിന് കഞ്ചാവ് പിടികൂടി. എന്നാൽ ഇത് ഇവിടെ കച്ചവടത്തിന് എത്തിച്ചുകൊടുക്കുന്ന വൻ സംഘങ്ങളെ കണ്ടെത്താൻ കഴിയാത്തതാണ് വീണ്ടും കച്ചവടം വർദ്ധിക്കാൻ ഇടയാക്കുന്നത്. ഉപയോഗിക്കുന്നവരിൽ ഏറെയും യുവാക്കളും വിദ്യാർത്ഥികളുമായതിനാൽ ചെറു പൊതികളാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നു.
കഞ്ചവും പിടികൂടി
വെള്ളറടയ്ക്കു സമീപം ആനപ്പാറ പൂവൻകുഴി കോളനിയിൽ ഒരുവീട്ടിൽ നിന്നും 55 കിലോയും വാഴിച്ചലിൽ ഒരു വീട്ടിൽ നിന്നും എട്ടര കിലോയും കിളിയൂരിൽ നിന്നും മൂന്നര കിലോയും ആന്റി നാർകോട്ടിക് സെൽ അധികൃതർ പിടികൂടിയത്. അതിർത്തിയോട് ചേർന്നു കിടക്കുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കിലോകണക്കിന് കഞ്ചാവ് ഇതിനിടയിൽ പിടികൂടിയിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് വ്യാപകമായി എത്തിച്ച കഞ്ചാവ് വിവിധ സ്ഥലങ്ങളിൽ ശേഖരിച്ച ശേഷം ഇപ്പോഴാണ് മാർക്കറ്റുകളിൽ എത്തിക്കുന്നത്.
പരിശോധന വേണം
അതിർത്തിയിൽ കാര്യമായ പരിശോധന ഇല്ലാത്തതാണ് കടത്തിന് സഹായിക്കുന്നത്. പൊലീസും എക്സൈസും കാര്യമായ പട്രോളിംഗും വാഹന പരിശോധനയും അതിർത്തിയിലെ റോഡുകളിൽ കാര്യക്ഷമമാക്കിയാൽ കഞ്ചാവിന്റെ വരവ് കുറയ്ക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. കച്ചവടം വ്യാപകമായതോടെ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണവും ഗ്രാമങ്ങളിൽക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
വെള്ളറടയിലും പരിസര പ്രദേശങ്ങളിലും സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയും ശക്തമാണ്. വിദ്യാർത്ഥികളെയും യുവജനങ്ങളെയും കാർന്നുതിന്നാൻ ശക്തി നേടി ലഹരി മാഫിയകൾ വളർന്നുകൊണ്ടിരിക്കുന്നു.
പലതരം പേരുകൾ
പണ്ട് മദ്യപാനം മാത്രമായിരുന്നുവെങ്കിൽ ഇന്ന് കഞ്ചാവ്, കൊക്കയ്ൻ, എം.ഡി.എം.എ, എൽ.എസ്.ഡി, സിഗരറ്റ്, നെട്രാസെപാം ഗുളികകൾ എന്ന് തുടങ്ങി ലഹരികളുടെ ഒരു നീണ്ടനിരതന്നെ ലഭ്യമാണ്. ലഹരികൾ ഉപയോഗിച്ചു തുടങ്ങിയവർ തന്നെയാണ് കച്ചവടക്കാരാകുന്നതും. ലഹരി ഉപയോഗിക്കുന്നവരെ വിതരണശൃംഖലയിലേക്ക് എത്തിക്കാൻ വളരെ എളുപ്പമാണ്.
ഒപ്പം നാടനും
നാടൻചാരായം വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനവധി പേർമലയോര ഗ്രാമങ്ങളിൽ എത്താറുണ്ട്. നാടൻ ചാരായം കൂടിയ വിലയ്ക്കാണ് വിറ്റഴിക്കുന്നത്. വാറ്റുചാരായം വിൽക്കുന്നതിനായി അനവധി യുവസംഘങ്ങളെ മദ്യമാഫിയകൾ നിയമിച്ചിട്ടുണ്ട്. ബൈക്കുകളിൽ എത്തിയാണ് പ്രധാന കേന്ദ്രങ്ങളിൽ വില്പന നടത്തുന്നത്. ഓർഡർ നൽകിയാൽ നിശ്ചിത സ്ഥലത്ത് മദ്യം എത്തിക്കുവാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഓണക്കാലമായതോടെ ഇക്കൂട്ടർ വീണ്ടും കളം അടക്കിവാഴുകയാണ്. വ്യാജമദ്യലോബിയെ അമർച്ചചെയ്യുവാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസും എക്സൈസും പറയുന്നു.