ddd

അപ്രോച്ച് റോഡ് നിർമ്മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാതയായ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബർ 15ന് ഗതാഗതത്തിനായി തുറക്കും.

ഓവർബ്രിഡ്ജിലെ ടാറിംഗ് പൂർത്തിയാക്കി. അപ്പ്രോച്ച് റോഡ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. ബ്രിഡ്ജിന്റെ ഡിവൈ‌ഡറിന്റെ കോൺക്രീറ്റ് പൂർത്തിയായി. ബ്രിഡ്ജിലും സർവീസ് റോഡിലും വഴിവിളക്കുകളും സ്ഥാപിച്ചു.

സർവീസ് റോഡിന്റെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അതുകൂടി കഴിയുന്നതോടെ 61 തൂണുകളിന്മേൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റേഡ് ഹൈവേയിലൂടെ വാഹനങ്ങൾ കുതിച്ചു പായും. തലസ്ഥാന യാത്രക്കാരുടെ പേടി സ്വപ്നമായിരുന്ന കഴക്കൂട്ടത്തെ ഗതാഗതകുരുക്കിനും അതോടെ ആശ്വാസമാകും.

അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഇരുവശവും റീട്ടെയ്‌നിംഗ് വാളുകൾ സ്ഥാപിച്ച് മണ്ണിട്ട് ഉയർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മണ്ണിട്ട് ഉയർത്തലും ബലപ്പെടുത്തലും പൂർത്തിയാക്കി കോൺക്രീറ്റ് - ടാറിംഗ് ജോലികൾ കൂടി നടത്താനാണ് കമ്പനിയുടെ ലക്ഷ്യം. കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ ഭാഗമാണെങ്കിലും എലിവേറ്റഡ് കോറിഡോറെന്ന പ്രത്യേക പദ്ധതി പ്രകാരമാണ് പാത നിർമ്മിച്ചത്.

കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിക്ക് മുന്നിൽ നിന്ന് ആരംഭിക്കുന്ന പാത ടെക്നോപാർക്ക് ഫേസ്ത്രീക്ക് മുന്നിലാണ് അവസാനിക്കുക. കഴക്കൂട്ടം ജംഗ്ഷനിൽ ഫ്ളൈഓവറിന് ഇരുവശത്തും സർവീസ് റോഡുള്ളതിനാൽ വാഹനങ്ങൾക്ക് സിഗ്നൽ കാത്തുകിടക്കാതെ കടന്നുപോകാം.