
പാലോട്: പെരിങ്ങമലയിൽ വീണ്ടും മാലിന്യ പ്ലാന്റ് സ്ഥാപിക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. മുൻപ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന ജില്ലാ കൃഷിതോട്ടത്തിലെ ഏഴാം ബ്ലോക്ക് സന്ദർശിക്കാൻ ഡെപ്യൂട്ടി കളക്ടറും, തഹസിൽദാറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സന്ദർശനം നടന്നില്ല.
ഈ സ്ഥലത്തിന്റെ രേഖകളും മറ്റു വിവരങ്ങളും കളക്ടറേറ്റിൽ നിന്നും കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.വസന്ത, പഞ്ചായത്തംഗങ്ങളായ പി.എൻ.അരുൺകുമാർ, നസീമ ഇല്യാസ്, സമരസമിതി നേതാക്കളായ നിസാർ മുഹമ്മദ് സുൽഫി, താന്നിമൂട് ഷംസുദീൻ, അജിത് പെരിങ്ങമ്മല, ഇല്യാസ് കുഞ്ഞ് താന്നിമൂട്, മോഹനൻ, എസ്.ജി.കുമാർ എന്നിവർ പങ്കെടുത്തു.