തിരുവനന്തപുരം: വേതന വർദ്ധന ആവശ്യപ്പെട്ട് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗിയിലെ ജീവനക്കാർ സമരത്തിൽ. സമരം നടക്കുന്നതറിയാതെ ആഹാര സാധനങ്ങൾ ഓർഡർ ചെയ്ത് പണമടച്ചവർ കുഴങ്ങി. സാധാരണ അരമണിക്കൂറിൽ എത്തുന്ന ജീവനക്കാ‌‌ർ സമയം കഴിഞ്ഞിട്ടും എത്താതെ വന്നതോടെ ആപ്ലിക്കേഷനിലൂടെ പരാതിപ്പെട്ടപ്പോഴാണ് ഉപഭോക്താക്കൾ വിവരമറിഞ്ഞത്. ജീവനക്കാർ സമരത്തിലാണെന്നും ഓർഡർ കാൻസൽ ചെയ്താൽ പണം തിരികെ തരാമെന്നുമാണ് മറുപടി ലഭിച്ചത്. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാർട് ടൈം ജീവനക്കാർക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കണം തുടങ്ങിയ മുപ്പതോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നിലവിൽ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി ജീവനക്കാർക്ക് സ്വിഗി നൽകുന്നത്. ഇത് നാലര വർഷം മുമ്പ് നിശ്ചയിച്ച നിരക്കാണ്. എന്നാൽ ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ലെന്നും ഇനിയും ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്നും ജീവനക്കാർ പറയുന്നു.