തിരുവനന്തപുരം: വിഴിഞ്ഞം സമരം നൂറ് ദിവസത്തോട് അടുക്കുമ്പോൾ പ്രതിഷേധം ശക്തമാക്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഹ്വാനം. 27ന് കരയിലും കടലിലും സമരം നടത്താൻ നിർദ്ദേശിക്കുന്ന സർക്കുലർ ഇന്നലെ അതിരൂപതയ്‌ക്ക് കീഴിലുളള എല്ലാ പളളികളിലും വായിച്ചു. വിഴിഞ്ഞം മുല്ലൂർ കേന്ദ്രീകരിച്ച് കരസമരവും മുതലപ്പൊഴി കേന്ദ്രീകരിച്ച് കടൽസമരവും നടത്തണമെന്നാണ് നിർദ്ദേശം. എല്ലാ ഇടവകകളിൽ നിന്നുളള ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ സർക്കുലറിലൂടെ നിർദ്ദേശിച്ചു. സമരം തുടങ്ങിയശേഷം ആറാം തവണയാണ് അതിരൂപതയിലെ പളളികളിൽ സർക്കുലർ വായിക്കുന്നത്.
അതിനിടെ മുതലപ്പൊഴി ഹാർബറിലെ അപകടങ്ങളെക്കുറിച്ച് പഠിക്കാനുളള സർക്കാർ നീക്കം സമരസമിതി തളളി. സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രശ്‌നം പഠിക്കാൻ ഫിഷറീസ് വകുപ്പ് പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയത്.പ്രാദേശിക വിദഗ്ദ്ധരില്ലാത്ത പഠനം പ്രഹസനമെന്നാണ് സമരസമിതിയുടെ നിലപാട്. തീരശോഷണം പഠിക്കാൻ പ്രാദേശിക പ്രതിനിധിയില്ലാതെ സർക്കാർ വിദഗ്ദ്ധസമിതി രൂപീകരിച്ചതിനെയും സമരസമിതി എതിർത്തിരുന്നു. പ്രധാന ആവശ്യങ്ങളിൽ ഉത്തരവുകൾ ഇറക്കി സമരക്കാരെ അനുനയിപ്പിക്കാനുളള നീക്കങ്ങളും ഫലം കാണുന്നില്ല. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് സമരസമിതി യോഗം ചേരുന്നുണ്ട്.
തുറമുഖ സംരക്ഷണ സംഗമ റാലി
തുറമുഖവിരുദ്ധ സമരത്തിന് എതിരെ പ്രാദേശിക ജനകീയക്കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തുറമുഖ സംരക്ഷണ സംഗമ റാലി വി.എസ്.ഡി.പി ചെയർമാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുല്ലൂരിലെ സത്യഗ്രഹപ്പന്തലിൽ നടന്ന സമാപന യോഗത്തിൽ എൻ.എസ്.എസ് മുല്ലൂർ കരയോഗം പ്രസിഡന്റ് മുല്ലൂർ മോഹന ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, എസ്.എൻ.ഡി.പി യോഗം മുല്ലൂർ ശാഖാ പ്രസിഡന്റ് ദേവരാജൻ,തണ്ടാർ മഹാസഭ പ്രതിനിധി വിക്രാന്ത്, വിശ്വകർമ്മ മഹാസഭ പ്രസിഡന്റ് സഞ്ജുലാൽ,എൻ.എഫ്.എസ് പ്രതിനിധി സുനിൽ ചൊവ്വര, തണ്ടാർ മഹാസഭ സെക്രട്ടറി അജിത്ത് മുല്ലൂർ, മുക്കോല സന്തോഷ്, തെന്നൂർക്കോണം പ്രദീപ്ചന്ദ്,മുല്ലൂർ ചന്ദ്രൻ,കൺവീനർ സതികുമാർ എന്നിവർ സംസാരിച്ചു.