cm

തിരുവനന്തപുരം: സ്വാതന്ത്ര്യസമരവുമായി യാതൊരുബന്ധവുമില്ലാതിരുന്ന ചില ഒറ്റുകാരെ സമര പോരാളികളായി ചിത്രീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐ.എൻ.എ ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷന്റെ സ്മാരകമന്ദിരം ഉദ്ഘാടനം അയ്യൻങ്കാളി ഹാളിൽ നി​ർവഹി​ക്കുകയായിരുന്നു അദ്ദേഹം. സങ്കുചിത ചിന്താഗതിയോടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്നും ചില സംഭവങ്ങളെ വെട്ടിമാറ്റുന്നു. സ്വാതന്ത്ര്യസമരമെന്നത് എല്ലാമതങ്ങളിൽപ്പെട്ടവരും വ്യത്യസ്ത രാഷ്ട്രീയ ചിന്തകൾ പുലർത്തിയവരുമെല്ലാം ഉൾചേർന്ന ദേശീയ പ്രസ്ഥാനമാണ്. ഇതിനെ വർഗീയമായി വക്രീകരിച്ച് ചരിത്രത്തെ വിദ്വേഷം പടർത്താനുള്ള ഉപാധിയാക്കാൻ ചിലർ ശ്രമിക്കുന്നു. മതസൗഹാർദ്ദം വെല്ലുവിളിക്കപ്പെടുകയും വർഗീയവിദ്വേഷം പടരുകയും ചെയ്യുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ വക്കം ഖാദർ ദേശീയ പുരസ്ക്കാരത്തിന് അർഹനായ യൂസഫലി അസൗകര്യം കാരണം ചടങ്ങിൽ പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ സന്ദേശം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.എം.ഇക്ബാൽ വായിച്ചു. തലസ്ഥാനത്ത് എത്തുന്ന ദിവസം പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിക്കുമെന്ന് യൂസഫലി സന്ദേശത്തിൽ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് എം.എം.ഹസൻ അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, മന്ത്രി ആന്റണി രാജു, ഫൗണ്ടേഷൻ ട്രഷറർ ബി.എസ്. ബാലചന്ദ്രൻ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം എന്നിവർ സംസാരിച്ചു.

മുഖ്യമന്ത്രിയുടേത് അസാധാരണ ഇടപെടൽ: എം.എം.ഹസൻ

വക്കം ഖാദറി​ന് സ്മാരകമന്ദിരം പണിയാൻ സ്ഥലം അനുവദിക്കണമെന്ന നാഷണൽ ഫൗണ്ടേഷന്റെ അപേക്ഷ നൂലാമാലകളിൽപെട്ട് നിരസിക്കപ്പെടുമായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അസാധാരണ ഇടപെടൽ കൊണ്ടാണ് സ്ഥലം ലഭ്യമായതെന്നും എം.എം.ഹസൻ പറഞ്ഞു. രണ്ട് രാഷ്ട്രീയകക്ഷികളിൽപ്പെട്ടവർ പൊതുവായ ലക്ഷ്യത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് താനും ആനത്തലവട്ടം ആനന്ദനുമെന്നും ഹസൻ പറഞ്ഞു. തിരുവനന്തപുരം നന്ദാവനത്താണ് സ്മാരകം പണിയാൻ ഒൻപത് സെന്റ് സ്ഥലം സർക്കാർ അനുവദിച്ചത്.