തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം ആരംഭിച്ചു. ഇന്നലെ രാവിലെ കൊടിയേറ്റ് നടത്തി. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റിയത്. രാവിലെ ശ്രീകോവിലിനുള്ളിലെ ആവാഹനം കഴിഞ്ഞ് തന്ത്രിക്ക് പിന്നാലെ പെരിയനമ്പി കൊടിക്കൂറയും കൊടിക്കയറും കിഴക്കേനടയ്ക്ക് പുറത്ത് കൊടിമരച്ചുവട്ടിൽ എഴുന്നള്ളിച്ചു. പുണ്യാഹവും നാന്ദീമുഖം ദക്ഷിണയും കഴിഞ്ഞ് തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു. തുടർന്ന് തിരുവാമ്പാടിയിലും കൊടിയേറ്റി. ഭക്തർ വായ്ക്കുരവയും വിഷ്ണുനാമവും ഉയർത്തി. കൊടിയേറ്റത്തിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് നേരത്തെ എത്തിച്ചിരുന്നു. കൊടിയേറ്റിനുശേഷം ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ്‌കുമാർ വാര്യമുറക്കാർക്കും ക്ഷേത്രകാര്യക്കാർക്കും ദക്ഷിണ നൽകി. പള്ളിവേട്ടയ്ക്കുള്ള മുളയീട് പൂജയ്ക്കായി ഇന്നലെ രാവിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്ന് മണ്ണുനീർ കോരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റ് ചടങ്ങിന് ഭരണസമിതി അംഗം ആദിത്യവർമ്മ, പ്രൊഫ. മാധവൻ നായർ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി. സുരേഷ് കുമാർ, മാനേജർ ബി. ശ്രീകുമാർ, ശ്രീകാര്യം നാരായണയ്യർ, ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ രാജരാജവർമ്മ, സെക്രട്ടറി വെങ്കിടേശ്വര അയ്യർ തുടങ്ങിയവർ പങ്കെടുത്തു. 31ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും. നവംബർ ഒന്നിന് വൈകിട്ട് ശംഖുമുഖത്തേക്കുള്ള ആറാട്ട് എഴുന്നള്ളത്തിനും ആറാട്ടിനും ശേഷം ഉത്സവത്തിന് കൊടിയിറങ്ങും. 30ന് രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്ക നടക്കും. ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെ ദർശന സമയത്തിൽ മാറ്റമുണ്ടായിരിക്കും. രാവിലെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ ഏഴുവരെയും 8.30 മുതൽ 10 വരെയും വൈകുന്നേരം 5 മുതൽ 6 മണിവരെയുമാണ് ദർശനം. രാവിലെ 9 മുതൽ 11 മണിവരെ കലശാഭിഷേകത്തിന് ദർശനം അനുവദിക്കും. ആറാട്ട് ദിവസമായ നവംബർ ഒന്നിന് രാവിലെ 8.30 മുതൽ 10 മണിവരെ മാത്രമാണ് ദർശനം.