
നശിക്കുന്നത് ദേശീയപാതയിലേക്കുള്ള പ്രധാന വഴി
തിരുവനന്തപുരം: പാപ്പനംകോട് ബസ് ഡിപ്പോയ്‌ക്ക് സമീപം തമലത്തെയും പാപ്പനംകോടിനെയും ബന്ധിപ്പിക്കുന്ന പാറയിൽക്കടവ് ഇരുമ്പ് പാലം തകർച്ചയുടെ വക്കിൽ. കരമന നദിക്ക് കുറുകെയുള്ള പാലത്തിൽ അറ്റകുറ്റപ്പണി നടന്നിട്ട് കാലങ്ങളായി. 2007ൽ പണിത പാലത്തിന്റെ അടിഭാഗം തുരുമ്പെടുത്ത് തുടങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞു.
പാലത്തിന് അതിജീവന ഭീഷണിയുണ്ടെന്നും നദിയിൽ ശക്തമായ ഒഴുക്കുണ്ടായാൽ അപകട സാദ്ധ്യതയുണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. പാലം നിർമ്മിച്ച കെ.ഇ.എല്ലുമായി ഉണ്ടായിരുന്ന കരാർ കാലാവധി തീർന്നതിനാലാണ് അറ്റകുറ്റപ്പണി നടക്കാത്തതെന്നും സൂചനയുണ്ട്. ഹാന്റക്‌സ് ഉൾപ്പെടെയുള്ള കമ്പനികൾ ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. പാലം കഴിഞ്ഞുള്ള റോഡ് ചെന്നെത്തുന്നത് റെയിൽവേ ഗേറ്റിലാണ്.
മുടവൻമുഗൾ, കരമന, എസ്റ്റേറ്റ് എന്നിങ്ങനെ മൂന്ന് വാർഡുകളാണ് പാറയിൽക്കടവ് റോഡിൽ ഉൾപ്പെടുന്നത്. ഈ പാലമുള്ളതിനാൽ പൂജപ്പുര നിവാസികൾക്ക് കരമന വഴി ചുറ്റി പാപ്പനംകോട് വരുന്നത് ഒഴിവാക്കാം. സ്‌കൂൾ - ഓഫീസ് സമയങ്ങളിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ വലയുന്നവർക്കും ഈ പാലം വഴിയുളള യാത്ര ഏറെ ആശ്വാസമാണ്. മേയർക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡും തകർച്ചയിൽ
ബസ് ഡിപ്പോയ്‌ക്ക് സമീപം പാലത്തിലേക്ക് എത്തും മുമ്പുള്ള പാറയിൽകടവ് റോഡും പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പ് കാലത്താണ് റോഡ് അവസാനമായി ടാറിട്ടത്. ചരിവുള്ള പ്രദേശമായതിനാൽ ടാർ മഴയിൽ പെട്ടെന്ന് ഒലിച്ചുപോകും. വാഹനങ്ങൾക്ക് മാത്രമല്ല കാൽനട യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്.
'തൊട്ടടുത്തുള്ള സ്ഥലം കൂടി ഏറ്റെടുത്ത് പാലത്തിന്റെ വീതി കൂട്ടാൻ
പദ്ധതിയുണ്ട്. തീരുമാനം സർക്കാരിന്റെ പരിഗണനയിലാണ്.'
മേയർ ആര്യ രാജേന്ദ്രൻ
പാറയിൽക്കടവ് പാലത്തിന്റെ അറ്റകുറ്റപ്പണി ചെയ്യുന്ന സമയത്ത് റോഡും ടാർ
ചെയ്യുമെന്നാണ് നഗരസഭ അറിയിച്ചത്. നഗരസഭയിൽ നിന്ന് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്.
സൗമ്യ. എൽ, എസ്റ്റേറ്റ് വാർഡ് കൗൺസിലർ