
തിരുവനന്തപുരം: യു.ജി.സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി വൈസ് ചാൻസലർമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനമെന്നും ,ഗവർണർ ചെയ്‌ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താനാണ് സ്വന്തക്കാരെയും ഇഷ്‌ടക്കാരെയും വൈസ് ചാൻസലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടു നിന്നു. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ ഇപ്പോൾ തീരുമാനമെടുത്തത്.. വി.സി നിയമനത്തിലെ യു.ജി.സി മാനദണ്ഡങ്ങൾ വളരെ കൃത്യമാണ്. ചീഫ് സെക്രട്ടറിയെ സെർച്ച് കമ്മിറ്റി അംഗമാക്കിയാണ് പലപ്പോഴും വി.സി നിയമനത്തിനുള്ള സമിതി സംസ്ഥാനം രൂപീകരിച്ചത്.
സർവകലാശാലയുമായി ബന്ധമുള്ളവരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന മാനദണ്ഡം സംസ്ഥാനം പല തവണ ലംഘിച്ചു. ഗവർണറും സർക്കാരും ഒത്തുതീർപ്പിലായിരുന്ന കാലത്ത് നിയമ വിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ ,അത് തുറന്ന് കാട്ടിയത് പ്രതിപക്ഷമാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി
തുലാസിലാക്കിയുള്ള കളികളാണ് ഇരു കൂട്ടരും ചേർന്ന് നടത്തിയത്. അന്ന് പ്രതിപക്ഷം പറഞ്ഞത് ഇന്ന് ഗവർണർ അംഗീകരിച്ചുവെന്നും സതീശൻ പറഞ്ഞു.
ഗവർണർക്കെതിരായ സമരം നാണംകെട്ടതിന്റെ
ക്ഷീണം തീർക്കാൻ: കെ. സുരേന്ദ്രൻ
കോഴിക്കോട് : സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാനാണ് ഇടതുപക്ഷം ഗവർണർക്കെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സുപ്രീംകോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നു പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. സാങ്കേതിക സർവകലാശാലാവിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. ഉന്നത വിദ്യാഭ്യാസമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സർക്കാർ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവർണറെ ആർ.എസ്.എസുകാരനായി സി.പി.എം മുദ്രകുത്തുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല പൂർണമായും തകർക്കുകയാണ് സംസ്ഥാന സർക്കാർ. എല്ലാ നിയമനങ്ങളും എ.കെ.ജി സെന്ററിൽ നിന്നാണ്. യോഗ്യതയുള്ളവരെ പരിഗണിക്കാതെ ഇഷ്ടക്കാരെ വി.സിമാരാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് നടപ്പില്ലെന്നാണ് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്.
ഗവർണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.